ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതി. ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ടത് രാജ്യതാല്‍പര്യമാണെന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. 

ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചത് ജനങ്ങളില്‍ വലിയ ഉത്ക്കണ്ഠ ഉളവാക്കിയിരിക്കുകയാണ്. മുപ്പതിനായിരത്തിലേറെ സ്ഥിരം ജീവനക്കാരെയും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയും ഈ നീക്കം ദോഷകരമായി ബാധിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ അരലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ബിപിസിഎല്‍ നടത്തിയത്.ബിപിസിഎല്ലിന്റെ കാര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും പ്രത്യേക താല്പര്യമുണ്ട്. ഇപ്പോള്‍ ബി.പി.സി.എല്ലിന്റെ ഭാഗമായ കൊച്ചി റിഫൈനറി സ്ഥാപിച്ചത് കേരള സര്‍ക്കാര്‍ കൂടി മുന്‍കയ്യെടുത്താണ്. റിഫൈനറിയില്‍ കേരളത്തിന് 5 ശതമാനം ഓഹരിയുണ്ടായിരുന്നു. റിഫൈനറി ബിപിസിഎല്‍ ഏറ്റെടുത്തപ്പോള്‍ സംസ്ഥാനത്തിന്റെ ഓഹരി നിലനിര്‍ത്തുകയും ബോര്‍ഡില്‍ ഒരു ഡയറക്ടറെ ഉള്‍പ്പെടുത്തുകയും ചെയ്തു.

మరింత సమాచారం తెలుసుకోండి: