നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഷെയ്ന്‍  സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നില്ലെന്നാണ് പരാതി. വെയിൽ എന്ന ചിത്രവുമായി സഹകരിക്കുന്നില്ലെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.ഇക്കാര്യം വ്യക്തമാക്കി ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് പരാതി നല്‍കിയത്. ഒപ്പം ഇനിയുള്ള സിനിമകളില്‍ ഷെയ്നിനെ സഹകരിപ്പിക്കാൻ സാധിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ താരസംഘടനയായ അമ്മയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും കാരണം പറയാതെ സെറ്റിൽ നിന്നും ഷെയിന്‍ ഇറങ്ങിപോകും. ഈ മാസം 15 മുതൽ സെറ്റിൽ വന്നത് ചുരുക്കം  സമയങ്ങളിൽ മാത്രം എന്ന്‌ വെയിൽ സിനിമ പ്രവർത്തകരും വ്യക്തമാക്കി. ജോബി ജോര്‍ജും ഷെയ്ന്‍ നിഗവും തമ്മിലുള്ള പ്രശ്നം നേരത്തെ സംഘടനകള്‍ ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടില്ലെന്നാണ് നിലവിലെ പരാതി വ്യക്തമാക്കുന്നത്.വിവാദങ്ങൾ ആളിക്കത്തുമ്പോൾ ചിത്രത്തിൻ്റെ സംവിധായകന്‍ ശരത് മേനോനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ഷെയ്ന്‍ നിഗവും.ശരത് മേനോനെ സൂക്ഷിക്കണമെന്നാണ് പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഷെയ്ൻ കുറിച്ചിരിക്കുന്നത്. ഒരാള്‍ക്ക് കാണാനാവുന്നതില്‍ ഏറ്റവും വൃത്തികെട്ടവരില്‍ ഒരാളാണ് ശരത് എന്നും ഷെയ്ന്‍ പറയുന്നു. വെറുപ്പ് ഉണ്ടാക്കാനല്ല താന്‍ ശ്രമിക്കുന്നതെന്നും തകര്‍ന്ന ഹൃദയത്തില്‍ നിന്നും വരുന്ന വാക്കുകളാണ് ഇതെന്നും താരം കുറിച്ചിരിക്കുന്നു. ആരെയും ഒന്നും ബോധിപ്പിക്കാനില്ലെന്നും സത്യമേവ ജയതേ എന്ന അടിക്കുറിപ്പോടെയാണ് താരം ഇന്‍സ്റ്റഗ്രാം കുറിപ്പുകൾ പങ്കുവെച്ചിരിക്കുന്നത്.

మరింత సమాచారం తెలుసుకోండి: