ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു. ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍വിജയങ്ങളുടെ ആവേശലഹരിയിലാണ് വിരാട് കോലിയും സംഘവും. പുതുതായി തുടങ്ങിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ അഞ്ചുമത്സരവും ജയിച്ച് എതിരാളികളെക്കാള്‍ ഏറെ മുന്നില്‍ ആണ് ടീം.
ട്വന്റി 20 പരമ്പരയില്‍ കോലി ഇല്ലാത്ത ഇന്ത്യ ബംഗ്ലാദേശിനോട് ഒരു മത്സരം തോറ്റിരുന്നു. അതൊരു പരീക്ഷണമായിരുന്നു. ടെസ്റ്റില്‍ പക്ഷേ, പരീക്ഷണത്തിന് മുതിരില്ല. ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യ എല്ലാ ആയുധങ്ങളും ഉപയോഗിക്കും. ട്വന്റി 20 പരമ്പരയില്‍ വിശ്രമത്തിലായിരുന്ന കോലി തിരിച്ചെത്തി.2013 മുതല്‍ ഇന്ത്യ സ്വന്തം നാട്ടില്‍ കളിച്ച 32 ടെസ്റ്റുകളില്‍ 26 എണ്ണത്തിലും ജയിച്ചു. അഞ്ചെണ്ണം സമനിലയിലായി. തോറ്റത് ഒന്നില്‍ മാത്രം. ഇത്രയും മികച്ച റെക്കോഡുള്ള ഇന്ത്യയെ നേരിടാനെത്തുമ്പോള്‍ ബംഗ്ലാദേശിന്റെ പ്രധാനതാരം ഷാകിബ് അല്‍ ഹസ്സനും ഓപ്പണര്‍ തമീം ഇഖ്ബാലും ടീമിലില്ല.