വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 71 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. നാലാം ദിനം ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 431 റൺസിന് പുറത്തായി.

 

 

ഡീൻ എൽഗറിന്റെയും (160) ക്വിന്റൺ ഡി കോക്കിന്റെയും (111) സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയെ 400 കടക്കാൻ സഹായിച്ചത്. എട്ടിന് 385 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 46 റൺസ് കൂടി കൂട്ടിച്ചേർത്തു. കേശവ് മഹാരാജ് (9), കാഗിസോ റബാദ (15) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. സെനൂരൻ മുത്തുസാമി 33 റൺസോടെ പുറത്താകാതെ നിന്നു.

 

ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ ഏഴു വിക്കറ്റ് വീഴ്ത്തി. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ടെസ്റ്റിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിൻ, രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി. ടെസ്റ്റിൽ അശ്വിന്റെ 27-ാം അഞ്ചുവിക്കറ്റ് പ്രകടനമാണിത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഞ്ചാം തവണയും. ദക്ഷിണാഫ്രിക്കയ്ക്കെതിരേ കൂടുതൽ തവണ അഞ്ചുവിക്കറ്റ് നേടിയതും അശ്വിൻ തന്നെ.

 

ടെസ്റ്റിൽ വേഗത്തിൽ 200 വിക്കറ്റെടുക്കുന്ന ഇടങ്കയ്യൻ ബൗളറെന്ന റെക്കോഡ് രവീന്ദ്ര ജഡേജ സ്വന്തമാക്കി. 44-ാം ടെസ്റ്റിലാണ് നേട്ടം. 47 ടെസ്റ്റിൽ ഈ നേട്ടം കൈവരിച്ച രംഗനെ ഹെറാത്തിനെയാണ് ജഡേജ മറികടന്നത്. ടെസ്റ്റിൽ ഇന്ത്യയ്ക്കായി വേഗത്തിൽ 200 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും ജഡേജ സ്വന്തമാക്കി. 36 ടെസ്റ്റിൽ ഈ നേട്ടം കൈവരിച്ച രവിചന്ദ്രൻ അശ്വിനാണ് പട്ടികയിൽ മുന്നിൽ.

 

 

നേരത്തെ വിശാഖപട്ടണത്ത് 12-ാം ടെസ്റ്റ് സെഞ്ചുറി നേടിയ ഡീൻ എൽഗർ, 287 പന്തുകൾ നേരിട്ട് 18 ഫോറുകളും നാലു സിക്സറുകളും സഹിതമാണ് 160 റൺസെടുത്തത്. ഡിക്കോക്ക് 163 പന്തുകൾ നേരിട്ട് 16 ഫോറും രണ്ടു സിക്സും സഹിതം 111 റൺസെടുത്തു. ഇരുവരും ആറാം വിക്കറ്റിൽ 164 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

 

63 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഡീൻ എൽഗർ - ഫാഫ് ഡുപ്ലെസി കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അഞ്ചാം വിക്കറ്റിൽ ഇരുവരും 115 റൺസ് ദക്ഷിണാഫ്രിക്കൻ സ്കോറിലേക്ക് ചേർത്തു. അർധ സെഞ്ചുറി നേടിയ ഡുപ്ലെസിയെ (55) അശ്വിൻ മടക്കിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീടാണ് ഡി കോക്ക് കൂട്ടുചേർന്നത്.

 

നേരത്തെ ഇരട്ട സെഞ്ചുറി നേടിയ ഓപ്പണർ മായങ്ക് അഗർവാളിന്റെയും സെഞ്ചുറി നേടിയ രോഹിത് ശർമയുടെയും മികവിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഏഴിന് 502 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. കരിയറിലെ ആദ്യ സെഞ്ചുറി തന്നെ മായങ്ക് ഇരട്ടസെഞ്ചുറിയിലെത്തിച്ചു. 358 പന്തിൽ അഞ്ചു സിക്സും 22 ബൗണ്ടറികളുമടക്കമാണ് മായങ്ക് ആദ്യ ഇരട്ട സെഞ്ചുറി കുറിച്ചത്. പുറത്താകുമ്പോൾ 371 പന്തിൽ 215 റൺസായിരുന്നു മായങ്കിന്റെ സമ്പാദ്യം. 244 പന്തിൽ ആറു സിക്സും 23 ബൗണ്ടറികളുമടക്കം രോഹിത് 176 റൺസെടുത്തു.

 

మరింత సమాచారం తెలుసుకోండి: