ജമ്മു കശ്മീർ∙ ഉറി, രജൗരി സെക്ടറുകളിൽ പാക്കിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാ‍ർ ലംഘനത്തെ തുടർന്നു തിരിച്ചടിച്ച് ഇന്ത്യൻ സേന. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് പാക്കിസ്ഥാൻ സൈനികരെ വധിച്ചതായി ദേശീയ വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച രാവിലെ ഏഴിന് കൃഷ്ണ ഘാട്ടി സെക്ടറിലും പാക്ക് പ്രകോപനമുണ്ടായി. വൈകിട്ട് 5.30 വരെ വെടിവയ്പ് തുടർന്നതായി ഇന്ത്യൻ സൈന്യം അറിയിച്ചു.

 

കശ്മീർ വിഷയത്തിൽ പാക്ക് സമ്മർദം: യുഎൻ രക്ഷാസമിതി ചേരണമെന്ന് ചൈന

നിയന്ത്രണ രേഖയിലെ വെടിവയ്പിൽ അഞ്ച് ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയതായി പാക്കിസ്ഥാൻ അവകാശപ്പെട്ടു. എന്നാൽ പാക്കിസ്ഥാന്റെ വാദം ഇന്ത്യ തള്ളി. പാക്കിസ്ഥാന്റെ അവകാശവാദം വ്യാജമാണെന്ന് ഇന്ത്യ പ്രതികരിച്ചു. നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഇന്ത്യൻ സൈനികരും പാക്കിസ്ഥാന്റെ മൂന്ന് സൈനികരും കൊല്ലപ്പെട്ടെന്നായിരുന്നു പാക്കിസ്ഥാൻ സൈന്യത്തിന്റെ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ അവകാശപ്പെട്ടത്.

 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ പാക്കിസ്ഥാൻ അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സമയങ്ങളില്‍ അതിർത്തിയിൽ ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിലായിരുന്നെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

പാക്ക് അധിനിവേശ കശ്മീരിൽ ആക്രമണം നടത്താൻ ഇന്ത്യയ്ക്ക് പദ്ധതി ഉണ്ടെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. അവസാനം വരെ ഇതിനെതിരെ പോരാടുമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി വ്യക്തമാക്കി. പാക്കിസ്ഥാന്റെ സ്വാതന്ത്രദിനമായ ‌14ന് മുസാഫറാബാദിൽ നടത്തിയ സംവാദത്തിലാണ് ഇമ്രാന്റെ പ്രസ്താവന. കശ്മീരിൽ ഇന്ത്യ ഇപ്പോൾ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളിൽ നിന്ന് ലോകത്തിന്റെ ശ്രദ്ധ മാറ്റാനാണ് ആക്രമണം നടത്താൻ പദ്ധതിയിടുന്നത്. പാക്കിസ്ഥാൻ സൈന്യത്തിന് ഇതുമായി ബന്ധപ്പെട്ടു പൂർണവിവിരം ലഭിച്ചിട്ടുണ്ടെന്നും ഇമ്രാൻ അവകാശപ്പെട്ടു.

మరింత సమాచారం తెలుసుకోండి: