പുളിമാത്ത്: പഞ്ചായത്തിലെ മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന കൊടുവഴന്നൂർ ഗവ: ഹയർസെക്കൻഡറി സ്കൂൾ മികവിന്റെ കേന്ദ്രമാകാനൊരുകുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിലൂടെ മൂന്ന് കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് കളമൊരുങ്ങുന്നത്. സ്ഥലപരിമിതി സ്കൂളിനെ വലയ്ക്കുന്ന വിഷയമാണ്.

എൽകെജി മുതൽ ഹയർസെക്കന്റരി വിഭാഗംവരെ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ നിലവിൽ 1300 കുട്ടികൾ പഠിക്കുന്നുണ്ട്. 95 സെന്റ് സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. അരനൂറ്റാണ്ട് പഴക്കമുള്ള ആസ്പ്പറ്റോസ് ഷീറ്റ് മേഞ്ഞ ഷെഡ് പൊളിച്ച് നീക്കി അവിടെ ആധുനിക ഹൈടെക്ക് നിലവാരത്തിലുള്ള 15 ക്ലാസ് മുറികൾ ഉൾപ്പെടുന്ന ബഹുനില മന്ദിരം പണിയുകയാണ് ലക്ഷ്യം. 

 

കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തിയാണ് മൂന്ന് കോടി ഇതിനായി അനുവദിച്ച് ഉത്തരവിറങ്ങിയത്. സർക്കാർ അംഗീകരമുള്ള സ്ഥാപനമായ ഇൻഫ്രാസ്ട്രക്ച്ചർ കേരളാ ലിമിറ്റഡിനാണ് (ഇൻകൽ) പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാനുള്ള ചുമതല. ഇതിനായി ബി. സത്യൻ എംഎൽഎയുടെ നേത്യത്വത്തിലുള്ള സംഘം സ്കൂൾ സന്ദർശിച്ചു. ഇൻകൽ എൻജിനീയർമാരായ നെവിൽ, സാഗർ, പുലിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ബി വിഷ്ണു, പ്രഥമാധ്യാപിക നജുമ, സലിൽ, കെ സുരേഷ്കുമാർ, ബാലചന്ദ്രൻ, സൈജു തുടങ്ങിയവരും ഉണ്ടായിരുന്നു.

మరింత సమాచారం తెలుసుకోండి: