121 ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു; വാട്സാപ് 2 തവണ കേന്ദ്രത്തെ  അറിയിച്ചു

 

  ഇസ്രയേൽ ചാരകമ്പനിയായ പെഗാസസ് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയ വിവരം ഇന്ത്യയെ രണ്ടു തവണ അറിയിച്ചതായി വാട്സാപ്. 121 ഇന്ത്യൻ ഉപയോക്താക്കളെ ഇസ്രയേൽ കമ്പനിയുടെ സ്പൈവെയർ ലക്ഷ്യം വച്ചിരുന്നതായി ഈ വർഷം മെയ്, സെപ്റ്റംബർ മാസങ്ങളിൽ മുന്നറിയിപ്പു നൽകിയിരുന്നു എന്നാണ് വാട്സാപ്പിന്റെ  വിശദീകരണം. ജൂൺ മുതൽ പലവട്ടം ചർച്ച നടത്തിയിട്ടും പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചതിന്റെ വിവരം വാട്സാപ്  അറിയിച്ചില്ലെന്നാണ് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പറഞ്ഞത്. 

 

     കമ്പനിയുടെ വിശദീകരണത്തോടെ സർക്കാർ വീണ്ടും പ്രതിരോധത്തിലായി. സ്വകാര്യ വിവരങ്ങൾ ചോർത്തിയതു സംബന്ധിച്ച് രാജ്യത്തെ മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടെയുള്ളവരുടെ ഫോണുകളിലേക്ക് പെഗാഗെസ്  നുഴഞ്ഞുകയറിയതിനെ സംബന്ധിച്ചുള്ള വിശദീകരണം ആവശ്യപ്പെട്ടിരുന്നു.മേയ്, സെപ്റ്റംബർ മാസങ്ങളിൽ സ്പൈവെയർ ആക്രമണത്തെ കുറിച്ച്  കേന്ദ്ര ഐടി മന്ത്രാലയത്തിനു നൽകിയ കത്തുകളും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. വാട്സാപ് അയച്ച കത്ത് സെപ്റ്റംബറിൽ ലഭിച്ചത് കേന്ദ്ര ഐടി മന്ത്രാലയം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്.എന്നാൽ കത്ത് അവ്യക്തമായിരുന്നെന്നാണ് മന്ത്രാലയം പറഞ്ഞത്. 

 

    121 ഇന്ത്യക്കാർക്ക് സൈബർ ആക്രമണ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും അത് ആരൊക്കെയാണെന്നോ പ്രത്യാഘാതങ്ങൾ, എന്തൊക്കെയാണെന്നോ വാട്സാപ് വ്യക്തമാക്കിയിരുന്നില്ലെന്നും ഐടി മന്ത്രാലയം അറിയിച്ചത്.  എന്നാൽ വാട്സാപ് നൽകിയ വിവരങ്ങളിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇരുപത്തിയഞ്ചോളം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് വാട്സാപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് .രാജ്യാന്തര തലത്തിൽ 1400 ഓളം ഉപയോക്താക്കളുടെ ഫോണിലേക്ക് വാട്സാ‌പ് വഴി നുഴഞ്ഞു കയറിയെന്നും പറയുന്നു. പെഗാസസിനു പിന്നിലുള്ള ഇസ്രയേൽ സൈബർ കമ്പനി എൻഎസ്ഒ ഗ്രൂപ്പിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

మరింత సమాచారం తెలుసుకోండి: