പൂർത്തിയാക്കാനാവാതെ പോയ ഭവനപദ്ധതികൾക്കുള്ള സഹായ വായ്പയ്ക്കു കൂടുതൽ നിബന്ധനകളുമായി കേന്ദ്രം മുന്നോട്ട്. തറ വിസ്തീർണം പരമാവധി 2150 ചതുരശ്ര അടി വരെയുള്ള അപാർട്മെന്റുകൾക്കും വില്ലകൾക്കുമായിരിക്കും സഹായമെന്നതാണു പ്രധാന വ്യവസ്ഥ. 25000 കോടി രൂപ തുടക്കത്തിൽ നിക്ഷേപിച്ചു പ്രത്യേക സഹായ വായ്പാ സംവിധാനമൊരുക്കി  റിയൽ എസ്റ്റേറ്റ്  മേഖലയെ  സഹായിക്കാനാണു കേന്ദ്രശ്രമം. ബാൽക്കണി, പൊതു ഇടങ്ങൾ, മതിൽ എന്നിവയൊന്നും ധനസഹായത്തിനുള്ള പരിഗണനയിൽപ്പെടില്ല. മുംബൈയിൽ ഒരു ഭവന യൂണിറ്റിന് പരമാവധി 2 കോടി രൂപ, ബെംഗളൂരു, ചെന്നൈ, ദേശീയ തലസ്ഥാന മേഖല,  പുണെ എന്നിവിടങ്ങളിൽ 1.5 കോടി രൂപ, മറ്റിടങ്ങളിൽ 1 കോടി എന്നിങ്ങനെ പരിധി നേരത്തെ നിശ്ചയിച്ചിരുന്നു.മാത്രമല്ല, നിശ്ചിത ചതുരശ്ര അടി വലിപ്പത്തിലുള്ള അപാർട്മെന്റുകളടങ്ങിയ മൊത്തം ഭവന പദ്ധതിയുടെ ആകെ  ചെലവ് 400 കോടി രൂപയിൽ കവിയരുതെന്ന നിർദേശവുമുണ്ട്. ഓരേ ബിൽഡറുടെ തന്നെ പ്രോജക്ടുകൾ, സ്ഥലം എന്നിവ പരിഗണിച്ചു സാമ്പത്തിക സഹായം എത്രയെന്നു  നിജപ്പെടുത്തുകയും ചെയ്യും. സർക്കാർ പ്രഖ്യാപിച്ച വായ്പാ സഹായ പദ്ധതിയിൽ മുൻഗണന ആദ്യം പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്ന ഭവന പദ്ധതികൾക്ക്. പണി തുടങ്ങാത്തവയ്ക്കു സഹായം ലഭിക്കുകയുമില്ല. പദ്ധതിച്ചെലവ്, വിൽപനയിലൂടെ ലഭിക്കാവുന്ന വരുമാനം തുടങ്ങിയവ പരിഗണിച്ചു ലാഭകരമെന്നു തോന്നുന്ന  പദ്ധതികളെയാണ് സഹായിക്കുക.

మరింత సమాచారం తెలుసుకోండి: