അങ്ങനെ എല്ലാത്തിനും ശേഷം മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഒരുങ്ങുകയാണ്. ഫ്ലാറ്റുകളിൽ നിന്ന് ആളുകൾ ഒഴിഞ്ഞപോകാത്തതിനെ തുടർന്നും ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ കാരണവും വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇത് വഴിവെച്ചിരുന്നു. ഇപ്പോൾ അതീവ സുരക്ഷയൊരുക്കി മരടിലെ ഫ്‌ളാറ്റുകൾ സ്‌ഫോടനത്തിലൂടെ തകർക്കാനൊരുങ്ങുകയാണ്. നഗരസഭ ഇതിനുള്ള മുന്നൊരുക്കങ്ങളെല്ലാം നടത്തിക്കഴിഞ്ഞു. മേഖലയിൽ ഒരൊറ്റ ഈച്ചപോലും കടക്കാത്ത രീതിയിലാണ് സുരക്ഷാ ഒരുക്കിയിരിക്കുന്നത്. സ്ഫോടനം നടത്തുന്നതിന് 
ശനിയാഴ്ച തുടക്കമാവും.

 

     രാവിലെ പത്ത് മണിയോടെയാണ് സ്‌ഫോടനം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങുക. ഇതിന്റെ ഭാഗമായി സ്‌ഫോടനം നടക്കുന്ന ഫ്‌ളാറ്റുകളുടെ സമീപത്തുള്ളവർ നിർദിഷ്ട സമയത്തിനു രണ്ടര മണിക്കൂർ മുൻപ് സ്വയം ഒഴിഞ്ഞു പോകണം എന്നാണ് പറഞ്ഞിരിക്കുന്നത്. സമീപത്തു നിന്നും ഒഴിയുന്നവരെ താൽക്കാലിക സുരക്ഷാ കേന്ദ്രങ്ങളിലേക്കു മാറ്റുമെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്.

 

    മരടില്‍ പൊളിക്കാനുള്ള ഫ്ളാറ്റുകളില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നത് ഇന്നും തുടരും. ജെയിന്‍ കോറല്‍ കോവിലും ആല്‍ഫ സെറീന്‍ ഫ്ളാറ്റിന്റെ ഒരു ടവറിലുമാണ് ഇപ്പോള്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നത്. അതേസമയം, ഫ്ളാറ്റുകള്‍ പൊളിക്കുന്നത് പഴയ സമയക്രമം പോലെ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

     നിലവില്‍ ശനിയാഴ്ച രാവിലെ 11 നും 11.05നുമാണ് ഫ്ലാറ്റുകള്‍ പൊളിക്കുന്നത്. എന്നാൽ ഇത് ആദ്യം നിശ്ചയിച്ചിരുന്നത് പോലെ 11 നും 11.30 നും ഇടയിലാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഹോളിഫെയ്ത്ത് പൊളിച്ച് അതിന്റെ ആഘാതം മനസിലാക്കിയ ശേഷമേ ആല്‍ഫാ സെറീന്‍ പൊളിക്കാന്‍ പാടുള്ളൂ എന്ന് നാട്ടുകാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

 

    കാരണം നിലവിലുള്ള സമയ ക്രമത്തിനുള്ളിൽ ഇത് എന്തൊക്കെ ആഘാതമുണ്ടാക്കുമെന്  അറിയാൻ സാധിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അതിനാലാണ് സമയക്രമം പഴയത് പോലെ  മതിയെന്ന് നാട്ടുകാർ ഉന്നയിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് നാട്ടുകാര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചു. ജെയിന്‍ കോറല്‍ കോവില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നത് ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തിയായേക്കും.

 

    ആല്‍ഫ സെറീനിലേത് പൂര്‍ത്തിയാകാന്‍ രണ്ട് ദിവസം കൂടി വേണ്ടി വരും. ഫ്ലാറ്റ് പൊളിക്കുന്നതിന് സുരക്ഷയുടെ ഭാഗമായി 200 മീറ്റർ ചുറ്റളവിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. കൂടാതെ പൊതുജന ശ്രദ്ധയ്ക്കായുള്ള ബോധവൽക്കരണ പരിപാടി നഗരസഭ ആരംഭിച്ചു.

 

    ഇതിൽ  സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് പൊളിക്കുന്ന സമയത്ത് ജനങ്ങൾ എന്ത് അകലത്തിൽ വരെ നിൽക്കണം എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിവ ജനങ്ങളെ ബോധ്യപെടുത്തുന്നുണ്ട്. അപകട മേഖലയ്ക്കു പുറത്തു നിന്ന് കെട്ടിടം നിയന്ത്രണ സ്‌ഫോടനത്തിലൂടെ പൊളിക്കുന്നതു  വീക്ഷിക്കാമെന്നും നഗരസഭ നിർദ്ദേശിച്ചു.

 

   കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും നാട്ടുകാർ വീടുകളും കെട്ടിടങ്ങളും ഒഴിഞ്ഞു പോകുന്നതിന് മുമ്പ്  അടയ്ക്കണം എന്നും നിർദേശത്തിലുണ്ട്. ഒഴിഞ്ഞു പോകുന്നതിനു മുൻപു വൈദ്യുത ഗൃഹോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുകയും മെയിൻ സ്വിച്ച് ഓഫാക്കുകയും വേണം.

 

    വൈദ്യുതിയുടെ ചെറിയ സ്പാർക്ക് പോലും വൻ അപകടം ഉണ്ടാക്കുമെന്നതിനാൽ ഉപകരണങ്ങളിലേക്കു വൈദ്യുതി കടത്തി വിടുന്ന പവർ പോയിന്റുകൾ വരെ നിർബന്ധമായും ഓഫാക്കണം. നിർദേശത്തിൽ വളർത്തുമൃഗങ്ങളെ കെട്ടിടത്തിനകത്ത് സുരക്ഷിതമായി പാർപ്പിക്കുകയോ അവയുടെ കൂടുകൾ പൊതിഞ്ഞു പൊടിശല്യത്തിൽ നിന്നു പൂർണ സംരക്ഷണം ഉറപ്പു വരുത്തുകയോ ചെയ്യണമെന്നും പറയുന്നു.

 

    വയോജനങ്ങളെയും കിടപ്പുരോഗികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്കു താൽക്കാലികമായി മാറ്റണമെന്നും  വൈദ്യസഹായം ആവശ്യമെങ്കിൽ അറിയിക്കണമെന്നും നഗരസഭ പറഞ്ഞിരിക്കുകയാണ്. താൽക്കാലിക സുരക്ഷ കേന്ദ്രങ്ങളായി ഒരുക്കിയിരിക്കുന്നത് തേവര എസ്എച്ച് കോളജ്, പനങ്ങാട് ഫിഷറീസ് കോളജ് എന്നിവയാണ്. മരടിൽ ഫ്‌ളാറ്റുകൾ സ്‌ഫോടനത്തിലൂടെ തകർക്കുന്ന ദിവസങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി നടത്തുന്നതിനായി 2000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

 

    2000 പൊലീസുകാരിൽ നിന്ന്  ഓരോ ഫ്‌ളാറ്റിലും 500 എന്ന കണക്കിലാണ് സുരക്ഷയൊരുക്കാൻ എത്തുന്നത്. വിശദ പദ്ധതി തയാറാക്കിയാണ് ജില്ലാ പൊലീസ് മേധാവി വിജയ് സാഖറെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്. പരിസരത്തെ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും രാവിലെ 9 മണിക്കു മുൻപു ആളുകൾ പൂർണമായി ഒഴിയണം.

 

    9 മണി മുതൽ ആരും കെട്ടിടങ്ങളിൽ അവശേഷിക്കുന്നില്ല എന്നുറപ്പു വരുത്താൻ പൊലീസ് പരിശോധന ആരംഭിക്കും. ആദ്യ ദിവസം സ്‌ഫോടനം നടത്താൻ തീരുമാനിച്ചിട്ടുള്ളത് കുണ്ടന്നൂർ ദേശീയപാതയോരത്തെ എച്ച്ടുഒ ഫ്‌ളാറ്റിന്റെയും നെട്ടൂർ അമ്പഴത്തുംകടവിലെ ആൽഫ സെറീൻ ഇരട്ട ടവറുകളുടെമാണ്. ഇവയുടെ 200 മീറ്റർ ചുറ്റളവിൽ കരയും കായലും ആകാശവും രാവിലെ 10 മണിയോടെ അതീവ സുരക്ഷാമേഖലയാകും.

 

   കൂടാതെ സ്‌ഫോടനം നടക്കുന്നതിനു 10 മിനിറ്റ് മുൻപു ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചു വിടുകയും ജലവാഹനങ്ങൾ അനുവദിക്കുകയുമില്ല. സുരക്ഷാ മേഖലയിലേക്ക് കെട്ടിടങ്ങളുടെ സ്‌ഫോടനം ചിത്രീകരിക്കുന്നതിനു  ഡ്രോണുകൾ പറത്താനും അനുവദിക്കില്ല എന്തെന്നാൽ ഡ്രോൺ പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഫ്‌ളാറ്റുകളിൽ സ്ഥാപിച്ചിട്ടുള്ള സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാൻ വരെ കരണമാവുന്നവയാണ്. അതുകൊണ്ടാണ് ഡ്രോണുകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. ഫ്‌ളാറ്റ് പരിസരത്തുള്ള ഇടറോഡുകളിലെയും ഗതാഗതം സ്‌ഫോടനത്തിന് അര മണിക്കൂർ മുൻപു തടയും. മറൈൻ, കോസ്റ്റൽ പൊലീസ് ചിലവന്നൂർ, മരട് മേഖലകളിലെ കായലുകളിൽ സുരക്ഷ ക്രമീകരിക്കും.

 

    പൊലീസ് വാഹനങ്ങൾ, ആംബുലൻസുകൾ, അഗ്‌നിശമനസേനാ വാഹനങ്ങൾ എന്നിവയും ആവശ്യമായ സ്ഥലങ്ങളിൽ വിന്യസിക്കുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ സ്‌ഫോടനശേഷം ഏറ്റവും എളുപ്പത്തിൽ ഇവ പ്രദേശത്തേക്ക് എത്തിക്കാൻ കഴിയും. പൊലീസ് നിർണയിക്കുന്ന നിരോധിത മേഖലയ്ക്കു പുറത്തുള്ള സ്ഥലങ്ങളിൽ കാഴ്ചക്കാരെ അനുവദിക്കും.

 

    സ്‌ഫോടനശേഷം 15 മിനിറ്റോളം പ്രദേശം കനത്ത പൊടിയിൽ മുങ്ങും. അതിനാൽ പൊടി പൂർണമായി അടങ്ങി അര മണിക്കൂറിനു ശേഷം മാത്രമേ നാട്ടുകാർക്ക് താൽക്കാലിക താമസ കേന്ദ്രങ്ങളിൽ നിന്നും വീടുകളിലേക്കു മടങ്ങാനാവു. സ്‌ഫോടന സമയത്ത് അപകടങ്ങളും ദുരന്തങ്ങളും ഉണ്ടാകില്ലെന്നുറപ്പു വരുത്താനാണ് ഇത്ര കർശന സുരക്ഷ ഒരുക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ 10ന് നാലു ഫ്‌ളാറ്റുകളുടെ പരിസരത്തും മോക്ക് ഡ്രിൽ നടത്തുമെന്നും സാഖറെ അറിയിച്ചു.

మరింత సమాచారం తెలుసుకోండి: