കുറ്റവും ശിക്ഷയും സംബന്ധിച്ച്, പൊതുജനാഭിപ്രായം മാറി വരുന്ന കാലഘട്ടമാണിത്. ജയിലിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടു തന്നെ മാറി വരുന്നു. സുരക്ഷാ പാലനത്തിൽ വീഴ്ച വരുത്താതെ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കേരളം എന്നും മാതൃകാ പരമാണ്. അതെ ഇനി ജയിലിൽ എല്ലാം ഇലക്ട്രിക്ക് സംവിധാനങ്ങൾക്കൊപ്പം ഒരുങ്ങുകയാണ്.

 

   സംസ്ഥാനത്തെ ജയിലുകളെയും കോടതികളെയും ബന്ധിപ്പിക്കുന്ന വീഡിയോ കോൺഫറൻസിങ് സംവിധാനം നിലവിൽ വന്നിരിക്കുകയാണ്.മാത്രമല്ല  ജയിലുകളിൽ മെറ്റൽ ഡിറ്റക്ടർ അടക്കമുള്ളവ സ്ഥാപിക്കുന്നതിനുള്ള ഭരണാനുമതിയും  നൽകിക്കഴിഞ്ഞു. 
ഇ- പ്രിസൺ സോഫ്റ്റ് വെയർ, സിസിടിവി, ഇലക്ട്രോണിക് ഫെൻസിങ് തുടങ്ങിയവയും നടപ്പാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 136 കോടതികളേയും, 13 ജയിലുകളിലെ 38 സ്റ്റുഡിയോകളേയും ബന്ധിപ്പിക്കുന്ന സംവിധാനമാണ് നിലവില്‍ വന്നത്.

 

   അതായത് കേരളത്തിലെ  53 ജയിലുകളെയും 372 കോടതികളെയും 87 സ്റ്റുഡിയോകൾ വഴി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്.  മാര്‍ച്ച് 31 നകം പദ്ധതി  നടപ്പാക്കും. വിവിധ വകുപ്പുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുകയാണ്  ഈ പദ്ധതിയുടെ ലക്‌ഷ്യം.

 

   ജയിൽ, പോലീസ് വകുപ്പുകൾക്ക് ഏറ്റവും ഉപകാരപ്രദമായ പദ്ധതിയാണിത്. തുറന്ന ജയിലുകളെ നിലവിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. തടവുകാരെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഹാജരാക്കി റിമാൻഡ് കാലാവധി നീട്ടുകയാണ് ആദ്യഘട്ടത്തില്‍ നടക്കുക. മാത്രമല്ല വിചാരണ നടപടികൾ ഓൺലൈനായി നടത്തുന്നതിനെ സംബന്ധിച്ച ചർച്ച തുടരുകയാണ്. തടവുകാരുടെ വാറണ്ട്, പരാതി തുടങ്ങിയവ ഓൺ ലൈനായി അയക്കുന്നതിനുള്ള സ്കാനർ സംവിധാനവും നിലവിൽ വന്നു.

 

   പോലീസ് ഉദ്യോഗസ്ഥർ വാറണ്ടുമായി കോടതികൾ കയറിയിറങ്ങുന്നതിലെയും കാത്തു നിൽക്കുന്നതിലെയും കാലതാമസവും ഒഴിവാക്കാം. പോലീസുകാരെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ മാറ്റമാണിത്. 600 മുതൽ 800 വരെ പോലീസുകാരാണ് പ്രതിദിനം സംസ്ഥാനത്ത് എസ്കോർട്ട് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നത്. അവരുടെ ബത്തയിനത്തിൽ കോടിക്കണക്കിന് രൂപ ചെലവാക്കേണ്ടി വരുന്നു.

 

   ഇതെല്ലാം ഒഴിവാക്കാനാകും. ഒരേ ദിവസം ഒന്നിലധികം കേസുകളിൽ ഹാജരാകേണ്ട തടവുകാരെ നിഷ്പ്രയാസം ഹാജരാക്കാൻ കഴിയും. രോഗബാധിതരും യാത്ര ചെയ്യാനാവാത്തതുമായ തടവുകാരെയും തീവ്രവാദികൾ അടക്കമുള്ള തടവുകാരെയും പുറത്തു കൊണ്ടു പോകുമ്പോഴുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

 

   ഭരണ രംഗത്ത് സുരക്ഷിതത്വം ലഭിക്കുന്നതിനും കോടതികൾക്ക് സമയലാഭവുമുണ്ടാകുന്നതിനും ഈ സംവിധാനങ്ങൾ സഹായകമാകും എന്നതിൽ സംശയം വേണ്ട .  പ്രതിദിനം 93 ജുഡീഷ്യൽ മണിക്കൂർ ലാഭിക്കാൻ സാധിക്കും.

 

 

    25 കോടി രൂപ വിനിയോഗിച്ച് കെൽട്രോണിന്റെ നേതൃത്വത്തിൽ  ബി എസ് എൻ എൽ, യുണൈറ്റഡ് ടെലികോം ലിമിറ്റഡ്, പീപ്പിൾ ലിങ്ക്, സംസ്ഥാന ഐടി മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ചുരുക്കത്തിൽ പറഞ്ഞാൽ ഇനി കോടതികളും, ജയിലും, ജയിൽ  വാസികളും തീർത്തും ഹൈടെക് ആയി എന്നർദ്ധം.

మరింత సమాచారం తెలుసుకోండి: