കൂടത്തായി കൊലക്കേസ് പരമ്പരയിൽ, മരുന്നിൽ സയനൈഡ് കലർത്തി സിലിയെ വധിക്കാൻ ശ്രമിച്ച സംഭവം  കോടഞ്ചേരി പുലിക്കയത്തെ ഷാജു സഖറിയാസിന്റെ വീട്ടിൽ നടന്ന തെളിവെടുപ്പിൽ വച്ച് പ്രതി ജോളി വ്യക്തമായി വിശദീകരിച്ചു.വധത്തിൽ ഷാജുവിന് പങ്കുണ്ടെന്ന് ഇയാളുടെയും മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ നടത്തിയ തെളിവെടുപ്പിലും ജോളി ആവർത്തിച്ചു.ഫുഡ് സപ്ലിമെന്റായ മഷ്റൂം ഗുളികയിൽ സയനൈഡ് കലർത്തിയാണ് 2016 ജനുവരി 11ന് സിലിയെ കൊലപ്പെടുത്തിയത്. സിലിക്കു മരുന്ന് നൽകാൻ അന്ന് കൂടത്തായി വീട്ടിൽനിന്ന് വെള്ളമെടുത്തതും അതിൽ സയനൈഡ് കലർത്തിയതും ജോളി വിശദീകരിച്ചു.കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന് എതിർവശത്തെ മെഡിക്കൽ ഷോപ്പിൽനിന്നാണ് സിലിക്കു നൽകാൻ മഷ്റൂം ഗുളിക  വാങ്ങിയതെന്നും  ജോളിമൊഴി നൽകി.  അരിഷ്ടത്തിൽ സയനൈഡ് കലർത്തി നേരത്തേ 2 തവണ വധിക്കാൻ ശ്രമിച്ചതും,അത്  പരാജയപ്പെട്ടപ്പോൾ അസുഖബാധിതയെന്നു പ്രചരിപ്പിച്ചതിലും ഷാജുവിന്റെ സഹായമുണ്ടായിരുന്നെന്ന് ജോളി പറഞ്ഞു .  

താമരശ്ശേരിയിലെ ദന്താശുപത്രിയിൽവച്ച് ഗുളികയും വെള്ളവും സിലിയെക്കൊണ്ട് കഴിപ്പിക്കുകയായിരുന്നു. സിലി മരിച്ച ദിവസത്തെ സംഭവങ്ങളാണ് ഡോക്ടറോടും ജീവനക്കാരോടും ചോദിച്ചത്. ജോളിയെ കണ്ടു  പരിചയമുണ്ടെന്ന് ജീവനക്കാർ മൊഴി നൽകി.സിലി വധത്തിനായി മാസങ്ങളെടുത്തു നടത്തിയ ആസൂത്രണത്തിന്റെ വിവരങ്ങളാണ് ഇന്നലെ കോടഞ്ചേരിയിലും  താമരശ്ശേരിയിലും കോഴിക്കോട് നഗരത്തിലുമായി നടത്തിയ തെളിവെടുപ്പിൽ അന്വേഷണ സംഘം ശേഖരിച്ചത്.  സിലി വധക്കേസിൽ  കസ്റ്റഡിയിൽ വിട്ടുകിട്ടിയ ജോളിയെ തെളിവെടുപ്പു പൂർത്തിയാക്കി നാളെ കോടതിയിൽ  ഹാജരാക്കും.സിലിയുടെയും മകൾ ആൽഫൈന്റെയും കൊലപാതകത്തിൽ പങ്കുള്ളതായി പൊലീസ് കണ്ടെത്തിയവരുടെ അറസ്റ്റും വൈകാതെ  ഉണ്ടാകുമെന്നാണു സൂചന.

మరింత సమాచారం తెలుసుకోండి: