വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ'! എന്താണെന്നല്ലേ,പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുളള പ്രതിഷേധങ്ങള്‍ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഭാഷാ ഭേദമന്യേ സിനിമാ രംഗത്ത് നിന്ന് നിരവധി താരങ്ങള്‍ അടക്കമുളളവര്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തും വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ചും രംഗത്ത് വന്നിട്ടുണ്ട്.

 

   അതിനിടെ യുവനടി അനശ്വര രാജന്റെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നരേന്ദ്ര മോദിക്കുളള മറുപടിയായി തട്ടമിട്ട ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് അനശ്വര. തണ്ണീർ മത്തൻ ദിനങ്ങൾ, സുജാത, ആദ്യരാത്രി അടക്കമുളള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് അനശ്വര രാജൻ .പ്രധാനമന്ത്രി നരേന്ദ്ര മോദി, ഝാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് വിവാദ പ്രസ്താവന പരസ്യമാക്കിയത്.

 

   പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സമരം ചെയ്യുന്നവരെ അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രം കണ്ട് തിരിച്ചറിയാം എന്നാണ് പ്രധാനമന്ത്രി റാലിയില്‍ പറഞ്ഞത്.  ഈ പ്രസ്താവനയ്ക്ക് എതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധവും ഉയര്‍ന്നു. വേറിട്ട രീതിയിലാണ് ഇതിനെതിരെ യുവനടി അനശ്വര രാജന്‍ പ്രത്യക്ഷപ്പെട്ടത്. തട്ടവും പര്‍ദയും ധരിച്ച ചിത്രം പോസ്റ്റ് ചെയ്താണ് പ്രധാനമന്ത്രിയുടെ വാക്കുകളോടുളള പ്രതിഷേധം യുവനടി അറിയിച്ചിരിക്കുന്നത്. വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ എന്ന് ചിത്രത്തിനൊപ്പം ഒരു ക്യാപ്ഷനും നൽകിയിരുന്നു.മാത്രമല്ല പൗരത്വ ബില്‍ പിന്‍വലിക്കണം എന്നും അനശ്വര ആവശ്യപ്പെടുന്നു.

 

 

   അനശ്വരയുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.നിരവധി പേരാണ് നടിയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഈ യുവനടിക്കുളള ധൈര്യം മലയാള സിനിമയിലെ പല വമ്പന്മാര്‍ക്കും വാ തുറന്ന് പ്രതികരിക്കാന്‍ പോലും ഇല്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് വരുന്ന പ്രധാന കമെന്റുകൾ. മെഗാസ്റ്റാര്‍ മമ്മൂട്ടി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വ്വതി, ഗീതു മോഹന്‍ദാസ് അടക്കമുളള താരങ്ങള്‍ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതികരിച്ചിരുന്നു.

 

   ജാതിക്കും മതത്തിനും വംശത്തിനും അപ്പുറത്തേക്ക് ഉയര്‍ന്നാല്‍ മാത്രമേ ഒരു രാജ്യം എന്ന നിലയ്ക്ക് മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നും ആ ഐക്യത്തെ തകര്‍ക്കുന്ന എല്ലാത്തിനേയും നിരുത്സാഹപ്പെടുത്തണം എന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. മാത്രമല്ല മോദിയുടെ പ്രസ്താവനയ്ക്ക് ശേഷം സോഷ്യല്‍ മീഡിയിയല്‍ നിരവധി പേര്‍ പര്‍ദയും മഫ്തയും ധരിച്ച് പ്രതിഷേധിച്ചിരുന്നു.

 

   ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മോദിക്കെതിരെ ആഞ്ഞടിക്കുകയുണ്ടായി. രാജ്യം കത്തുമ്പോള്‍ അവര്‍ വസ്ത്രത്തെ കുറിച്ച് സംസാരിക്കുന്നുവെന്നും തന്റെ വസ്ത്രം നോക്കി താനാരാണെന്ന് തീരുമാനിക്കാനാവുമോ എന്നും മമത തുറന്നടിച്ചിരുന്നു.

 

 

 

మరింత సమాచారం తెలుసుకోండి: