ഉന്നാവ് പീഡനക്കേസിൽ കോടതി കുറ്റക്കാരനെന്ന് വിധിച്ച മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാര്‍ ഡൽഹി ഹൈക്കോടതിയിൽ. ഉന്നാവിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ച വിചാരണക്കോടതിയുടെ വിധിയ്ക്കെതിരെയാണ് ഡൽഹി ഹൈക്കോടതിയിൽ കുൽദീപ് സെൻഗാറിന്‍റെ ഹര്‍ജി.

 

 

    സെൻഗാറിനെ കുറ്റക്കാരനായി വിധിച്ച കോടതി നടപടിയെ സെൻഗാര്‍ ഹര്‍ജിയിൽ ചോദ്യം ചെയ്തു. 2017ൽ ഉണ്ടായ സംഭവത്തിൽ കോടതി കഴിഞ്ഞ ഡിസംബര്‍ 20നാണ് സെൻഗാറിനെതിരെ ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ കേസിൽ പോക്സോ നിയമപ്രകാരമാണ് ബിജെപി നേതാവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. അയൽവാസിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്.

 

 

    കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനായിരുന്നു കേസിൽ വിചാരണ തുടങ്ങഇയത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഉത്തര്‍ പ്രദേശിൽ നിന്ന് കേസ് ഡൽഹിയിലെ കോടതിയിലേയ്ക്ക് മാറ്റിയ ശേഷമായിരുന്നു വിചാരണ. കേസ് മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന് കാണിച്ച് പെൺകുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയ്ക്ക് കത്തെഴുതിയിരുന്നു.

 

 

   ഇതിനു പിന്നാലെയാണ് സുപ്രീം കോടതി ഇടപെട്ട് ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും ഡൽഹിയിലെ പ്രത്യേക കോടതിയിലേയ്ക്ക് മാറ്റാനും വിചാരണ 45 ദിവസത്തിനകം തീര്‍ക്കാനും ഉത്തരവിട്ടത്.

 

 

 

 

   ഇതിനിടെ പരാതിക്കാരിയായ പെൺകുട്ടിയുടെ പിതാവിനെ മര്‍ദ്ദനമേറ്റതിനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോള്‍ ചികിത്സിച്ച ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായയെ കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

 

 

    പിതാവിന്‍റെ മരണം സംബന്ധിച്ച കേസിൽ വിചാരണ തുടങ്ങാനിരിക്കേയാണ് സാക്ഷിയായ ഡോക്ടറുടെ ദുരൂഹമരണം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടര്‍ മരണപ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

 

 

 

 

   പെൺകുട്ടിയുടെ പിതാവിന്‍റെ കസ്റ്റഡി മരണം സംബന്ധിച്ച കേസിൽ ഡോക്ടറെ മുൻപ് സസ്പെൻഡ് ചെയ്തിരുന്നു. എംഎൽഎയുടെ സഹോദരനും സംഘവും പെൺകുട്ടിയുടെ പിതാവിനെ മര്‍ദ്ദിക്കുന്നത് കണ്ടെന്ന് മൊഴി നല്‍കിയയാള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ മരണപ്പെട്ടിരുന്നു.

మరింత సమాచారం తెలుసుకోండి: