കേരളത്തിൽ വലിയ ചർച്ചകൾക്കിടയാക്കിയ വിദേശ വനിതയുടെ കൊലപാതക കേസ് വിചാരണയിലേക്ക്. 2018 മാർച്ച് 14നായിരുന്നു കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് വിദേശ വനിതയുടെ കൊലപാതക വാർത്ത പുറത്ത് വരുന്നത്.വിദേശ വനിതയെ മയക്കു മരുന്ന് ചേർത്ത സിഗരറ്റ് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയിൽ കെട്ടി തൂക്കിയ കേസാണ് ഇപ്പോൾ വിചാരണയിലേക്ക് നീങ്ങുന്നത്.

 

  പ്രതികൾ  ലാത്വിയൻ യുവതിയെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിച്ചു തരാമെന്നും വൈറ്റ് ബീഡി അതായത് കഞ്ചാവ് ബീഡി നൽകാമെന്നും വിശ്വസിപ്പിച്ച് മോട്ടോർ ഘടിപ്പിച്ച വഞ്ചിയിൽ കയറ്റി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന കോവളം വാഴമുട്ടം ചെന്തിലാക്കരിയിലെ ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ എത്തിച്ച് കഞ്ചാവ് ബീഡി നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ  പ്രതികൾ കാട്ടുവള്ളി കഴുത്തിൽ കുടുക്കി കെട്ടി തൂക്കി ആത്മഹത്യയാക്കി മാറ്റി സ്ഥലത്ത് നിന്നും മുങ്ങുകയും ചെയ്തു.

 

  എന്നാൽ സ്ഥലത്തെ എന്തിനും മടിക്കാത്ത ക്രിമിനലുകളായ പ്രതികളെ ഭയന്ന് സ്ഥലവാസികൾ ആദ്യം മൊഴി നൽകാൻ തയ്യാറായിരുന്നില്ല. അതേ സമയം സഹോദരിയെ കാണാനില്ലെന്ന പരാതിയുമായി ചെന്ന വിദേശ വനിതയുടെ സഹോദരിയെ തിരുവല്ലം പൊലീസ് പരിഹസിച്ച് മടക്കി അയക്കുകയും ചെയ്തിരുന്നു. ഒരുപക്ഷെ ആൻ പരാതി ലഭിച്ചയുടനെ അന്വേഷിച്ചിരുന്നെങ്കിൽ ലാത്വിയൻ യുവതിയെ രക്ഷപെടുത്താമായിരുന്നു. അന്ന് പോലീസിന്റെ നിസ്സംഗതയടക്കം ഏറെ വിവാദങ്ങൾക്ക് വഴിവെച്ച കേസ് അന്താരാഷ്ട്ര തലത്തിൽ ഹൈക്കമ്മീഷനും എംബസിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ടതോടെയാണ് പരാതിക്ക് പുല്ലുവില കല്പിക്കാതിരുന്ന തിരുവല്ലം പൊലീസിന് തിരിച്ചറിവുണ്ടായത്.

 

  ഒടുവിൽ ദിവസങ്ങൾ പഴകി കഴുത്തും ഉടലും വേർപെട്ട് കാട്ടു വള്ളി പടർപ്പിൽ അഴുകിയ നിലയിലുള്ള ഭൗതിക ശരീരമാണ് പൊലീസ് കണ്ടെടുത്തത്. ഈ കേസിൽ 
കുറ്റം ചുമത്തലിന് പ്രതികളെ ഹാജരാക്കാൻ ഉത്തരവിട്ടു കഴിഞ്ഞു. തിരുവല്ലം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടാണ് കോടതി കോവളം നിവാസികളായ ഉമേഷ് , ഉദയകുമാർ എന്നീ രണ്ടു പ്രതികളെ ജനുവരി 25 ന് ഹാജരാക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരമാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നത്.

 

  പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുവാൻ പ്രോസിക്യൂഷൻ ഹാജരാക്കിയ വായ് മൊഴിയാലും രേഖാമൂലവുമുള്ള തെളിവുകൾ വച്ച് കൊണ്ടാണ് കോടതി പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നത്. രണ്ടു വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാൽ കേസ് റെക്കോർഡുകൾ പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിച്ചാണ് കുറ്റം ചുമത്തുന്നത്.

 

 

   വിദേശ വനിതയുടെ ശരീരത്തിൽ കാണപ്പെട്ട കോട്ടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മറ്റു സാഹചര്യത്തെളിവുകളുമാണ് കേസിലെ ഒന്നും രണ്ടും പ്രതികളായ കോവളത്തെ ഒരു സ്ഥാപനത്തിൽ കെയർ ടെയ്ക്കർ ജോലിയുള്ള തിരുവല്ലം വെള്ളാർ വടക്കേ കൂനം തുരുത്തി വീട്ടിൽ ഉമേഷിലേക്കും ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാറിലേക്കും അന്വേഷണം ചെന്നെത്തിയത്.

 

   പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ മാനസിക ചികിത്സക്കായൈത്തിയ യുവതി ആശ്രമ അധികൃതരുടെ കണ്ണു വെട്ടിച്ച് ബസ്സിൽ കയറി കോവളം തീരത്തെത്തുകയായിരുന്നു. പ്രതികൾ ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പരിചയപ്പെടുത്തിയാണ് യുവതിയെ സമീപിച്ചത്. 

మరింత సమాచారం తెలుసుకోండి: