വരനെ ആവശ്യമുണ്ട്' എന്ന ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്ക്രീനില്‍ തിരികെയെത്തിയ ചിത്രം, സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം തുടങ്ങി നിരവധി പ്രത്യേകതകളുള്ള ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. കല്യാണി പ്രിയദര്‍ശന്‍റെ അരങ്ങേറ്റ ചിത്രം എന്ന പേരിലും വരനെ ആവശ്യമുണ്ട് ശ്രദ്ധേയമാണ്. കല്യാണിയോടൊപ്പം മറ്റൊരാളും അരങ്ങേറിയിട്ടുണ്ട്.

 

 

 

   സ്ക്രീനിലല്ല, ഡബ്ബിങ്ങില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഗായിക ആന്‍ ആമി. 2019 ലെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളിലൊന്നായ ഉയിരില്‍ തൊടും, കൂടെയിലെ ആരാരോ, അരവിന്ദന്‍റെ അതിഥികളിലെ ആനന്ദമേ തുടങ്ങി, വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ശ്രദ്ധേയമായ പാട്ടുകള്‍ പാടിയിട്ടുണ്ട് ആന്‍. ഗായികയില്‍ നിന്നും ഡബ്ബിങ് ആര്‍ട്ടിസ്റ്റിലേക്കുള്ള മാറ്റത്തെ കുറിച്ചും തന്‍റെ സിനിമാ യാത്രയെ കുറിച്ചും ആന്‍ മനസ് തുറക്കുകയാണ്.

 

 

 

  കുറേ പണി കിട്ടിയിട്ടുണ്ട്. പല പല വേര്‍ഷന്‍സുണ്ട് പേരിന്. ആന്‍, ആനി എന്നൊക്കെ ആളുകള്‍ വിളിക്കാറുണ്ട്. ആമി, എമി, എയ്മി എന്നൊക്കെ വിളിക്കാറുണ്ട്. പക്ഷെ ആന്‍ ആമിയാണ് ഞാന്‍. ഈ പടത്തില്‍ ഞാന്‍ പാടിയിരുന്നു. ഒക്ടോബറിലായിരുന്നു പാടിയത്. പിന്നെ ഡിസംബറില്‍ ഫിലിം ഫെയര്‍ പരിപാടിയില്‍ പങ്കെടുക്കാനായി ചെന്നെെയിലെത്തിയിരുന്നു. എന്‍റെ ആദ്യ ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ച സമയമായിരുന്നു അത്. 'കൂടെ'യിലെ ആരാരോ എന്ന പാട്ടിനായിരുന്നു അവാര്‍ഡ് ലഭിച്ചത്. ഒരിക്കലും മറക്കാന്‍ പറ്റാത്തൊരു ദിവസമായിരുന്നു. പിറ്റേദിവസം, അന്നും ഞാന്‍ ചെന്നെെയിലായിരുന്നു, ലെെന്‍ ഡയറക്ടര്‍ ഹാരിസിക്കയുടെ കോള്‍ വന്നു. അദ്ദേഹത്തോടൊപ്പം 9 നില്‍  വര്‍ക്ക് ചെയ്തിരുന്നു. അനൂപ് സത്യന്‍ പറഞ്ഞിട്ട് വിളിക്കുകയാണെന്നും വരനെ ആവശ്യമുണ്ട് എന്നൊരു സിനിമയുണ്ടെന്നും പറഞ്ഞു.

 

 

 

   എനിക്കറിയാം എന്നു പറഞ്ഞപ്പോള്‍ ഡബ്ബ് ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിച്ചു. എനിക്ക് സത്യത്തില്‍ ഡബ്ബ് ചെയ്യണമെന്ന് ഉള്ളിന്‍റെ ഉള്ളില്‍ ആഗ്രഹമുണ്ടായിരുന്നു. നല്ലതായിരിക്കും എന്നൊന്നുമുണ്ടായിരുന്നില്ല. ചെയ്താലല്ലേ അറിയൂ. പക്ഷെ ചെയ്ത് നോക്കണം എന്നുണ്ടായിരുന്നു. അപ്പോഴാണ് ദെെവാനുഗ്രഹം പോലെ ഇങ്ങനൊരു അവസരം തേടി വരുന്നത്. അങ്ങനെ യെസ് പറഞ്ഞു. പിന്നീട് അനൂപ് സത്യന്‍ നേരിട്ട് വിളിച്ചു. രണ്ട് മൂന്ന് സന്ദര്‍ഭങ്ങള്‍ പറഞ്ഞു തന്നു. ആ സമയത്ത് ഞാന്‍ എങ്ങനെയാണ് സംസാരിക്കുന്നത് എന്നറിയാന്‍ വേണ്ടിയായിരുന്നു. പറഞ്ഞത് അനുസരിച്ച് വോയ്സ് ക്ലിപ്പ് അയച്ചു കൊടുത്തു. ഏതാണ്ടൊരു ഓഡിഷന്‍ പോലെ. അദ്ദേഹം ഹാപ്പിയായിരുന്നു. ഡിസംബര്‍ ഇരുപത്തിയാറിനായിരുന്നു ഡബ്ബിങ് തുടങ്ങുന്നത്. അന്നു തന്നെ എന്നെ വിളിച്ചു വരാന്‍ പറഞ്ഞു.
കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. ഒന്നും അറിയില്ലല്ലോ.

 

 

 

   പാടുന്നതും ശബ്ദം നല്‍കുന്നതും തീര്‍ത്തും വ്യത്യസ്തമായ രണ്ട് കാര്യങ്ങളാണല്ലോ. ഒരേസമയം ശാന്തവും അതുപോലെ തന്നെ കുറച്ച് ടെന്‍ഷനുമുണ്ടായിരുന്നു. അവര്‍ വളരെ ക്ഷമയുള്ളവരായിരുന്നു. ടെന്‍ഷനടിപ്പിച്ചില്ല. അങ്ങനെ ചെയ്തു തുടങ്ങി. അന്ന് വെെകിട്ട് അനൂപ് മുഴുവന്‍ കഥയും പറഞ്ഞു തന്നു. പിന്നെ അവിടുന്ന് അങ്ങോട്ട് തുടരുകയായിരുന്നു. പിന്നീട് സിനിമയുടെ ബാക്ഗ്രൗണ്ട് സ്കോറിലും പാടി. ഞാനാദ്യമായിട്ടാണ് ഇങ്ങനെ ഒരു സിനിമയുടെ ഭാഗമാകുന്നത്. പൊതുവെ ഒരു പാട്ടു പാടുന്നത് മാത്രമാണ് ഒരു സിനിമയുമായുള്ള ബന്ധം. ഇത് പക്ഷെ, അങ്ങനെയല്ല. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കില്‍ മൊത്തം ഞാനൊപ്പമുണ്ടായിരുന്നു. എന്താണ് അവിടെ നടക്കുന്നതെന്ന് കൃത്യമായി അറിയാമായിരുന്നു. അനൂപ് എപ്പോഴും ഞാന്‍ എന്താണ്ട് അദ്ദേഹത്തിന്‍റെയൊരു അസിസ്റ്റന്‍റ് ഡയറക്ടറാണെന്ന് പറയുമായിരുന്നു. വരനെ ആവശ്യമുണ്ടിന്‍റെ സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ചേട്ടനൊപ്പവും ആദ്യമായാണ് വര്‍ക്ക് ചെയ്യുന്നത്.

 

 

 

 

   പക്ഷെ അദ്ദേഹത്തെ എനിക്കൊരു പത്ത് വയസുള്ളപ്പോള്‍ തന്നെ അറിയാം. ഞാന്‍ ജനിച്ചതും വളര്‍ന്നതും ദുബായിലായിരുന്നു. ആ സമയത്ത് അദ്ദേഹവും ദുബായില്‍ ഏഷ്യാനെറ്റ് റേഡിയോയിലുണ്ടായിരുന്നു. അന്നൊരു പരിപാടിക്ക് അവിടെ വച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. പിന്നീട് കുടുംബ സുഹൃത്തായി മാറുകയായിരുന്നു. പക്ഷെ ഇപ്പോഴാണ്, ഈ സിനിമയിലൂടെയാണ് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. അതും ഈ സിനിമയെ സ്പെഷ്യല്‍ ആക്കുന്നു. ആദ്യമായി ഡബ്ബ് ചെയ്യുന്നത് കല്യാണി പ്രിയദര്‍ശന് വേണ്ടിയാണ്, കല്യാണിയുടെയും അരങ്ങേറ്റമാണ്.

 

 

 

 

   സത്യന്‍ സാറിന്‍റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ. ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ആദ്യ സിനിമ. ശോഭന, സുരേഷ് ഗോപി, ദുല്‍ഖര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഡബ്ബിങ്ങിലൂടെയാണെങ്കിലും ഇതുപോലൊരു ചിത്രത്തിന്‍റെ ഭാഗകമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ശോഭനയ്ക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയാണ്. അവരെ പോലൊരാള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതും ഒരുപാട് സന്തോഷം നല്‍കുന്ന കാര്യമാണ്. ഇതിലും കൂടുതല്‍ എന്ത് ചോദിക്കാനാണ്.  ഞാനൊരു കോളേജിന്‍റെ ആര്‍ട്സ് പ്രോഗ്രാമിനോ മറ്റോ വേണ്ടി ഒരു ആശംസാ വീഡിയോ ചെയ്തിരുന്നു. അതില്‍ ഇംഗ്ലീഷും മലയാളവുമെക്കെ സംസാരിക്കുന്നുണ്ടായിരുന്നു.

 

 

    കഴിഞ്ഞ ദിവസമാണ് ഇതേക്കുറിച്ച് അനൂപ് പറയുന്നത്. എന്നെ കൊണ്ട് പറ്റുമെന്ന് തോന്നിയത് എങ്ങനെയാണെന്ന് ചോദിച്ചപ്പോള്‍. അത് ഞാന്‍ നിന്‍റെയൊരു വീഡിയോ കണ്ടിരുന്നു എന്ന്. പക്ഷെ ഏത് കോളേജെന്നോ പരിപാടിയെന്നോ അനൂപിനും ഓര്‍മ്മയില്ല.  കൃത്യമായി എപ്പോഴാണ് അങ്ങനൊരു ആഗ്രഹം ഉടലെടുക്കുന്നത് എന്നറിയില്ല. പറയാമെങ്കില്‍, ഞാന്‍ ഒരു പരസ്യ ചിത്രത്തിനായി വോയ്സ് ഓവര്‍ നല്‍കിയിരുന്നു. കഴിഞ്ഞ കൊല്ലം ഏകദേശം ഈ സമയത്ത് തന്നെയായിരുന്നു അതും. അപ്പോള്‍ എനിക്ക് തോന്നി ഡബ്ബ് ചെയ്താല്‍ രസമാകുമെന്ന്. പാട്ടുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നാണ്, സ്റ്റുഡിയോയിലാണ് രണ്ടും ചെയ്യുന്നത് എന്ന് മാത്രം. ശരിക്കും ഫുള്‍ എക്സ്പ്രഷനൊക്കെ ഇട്ട്, ബോഡി ലാംഗ്വേജൊക്കെ അനുകരിച്ചാണ് ഡബ്ബ് ചെയ്തത്.

 

 

 

    അനൂപ് പറയുമായിരുന്നു ശരിക്കും അഭിനയിച്ചോളൂ, ഇല്ലെങ്കില്‍ കിട്ടില്ലെന്ന്. എനിക്കൊന്നും അറിയില്ലായിരുന്നു. എന്തെങ്കിലും ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അത് അനൂപ് നല്‍കിയ ആത്മവിശ്വാസം കൊണ്ടാണ്. അനൂപ് എന്നില്‍ വിശ്വസിച്ചിരുന്നു എന്നതാണ് കാര്യം. ചലഞ്ചിങ്ങായ രംഗങ്ങളുണ്ടായിരുന്നു. ക്യാരക്ടറിനെ മനസിലാക്കി വേണമായിരുന്നു ചെയ്യാന്‍. പാട്ടു പാടുക എന്നതിനാണ് പ്രധാന പരിഗണന. പക്ഷെ അവസരം ലഭിച്ചാല്‍ ശ്രമിച്ചു നോക്കാന്‍ മടിക്കില്ല. എന്നെ കൊണ്ട് പറ്റുമോ എന്നൊന്നും അറിയില്ല. ചെയ്ത് നോക്കിയാലെ അറിയാന്‍ പറ്റൂ. 2007 ല്‍ ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുത്തിരുന്നു. അതേ വര്‍ഷം തന്നെ ഇന്ത്യന്‍ ഐഡലിലും പങ്കെടുത്തിരുന്നു.

 

 

 

   പക്ഷെ ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ നിന്നും ക്വിറ്റ് ചെയ്യേണ്ടി വന്നു. ദുബായിലായിരുന്നു അപ്പോള്‍. സ്ഥിരമായി അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യണമായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ബുദ്ധിമുട്ടായി അങ്ങനെ പരിപാടിയില്‍ നിന്നും പിന്‍മാറുകയായിരുന്നു. അവിടെ വച്ചാണ് ഹിഷാം അബ്ദുള്‍ വഹാബിനെ പരിചയപ്പെടുന്നത്. 2016 ലാണ് സിനിമയിലൊരു പാട്ടുപാടുന്നത്. അതിന് കാരണമായത് ഹിഷാമായിരുന്നു. ഞാന്‍ ചെയ്തൊരു ഹിന്ദി പാട്ടിന്‍റെ ഡെമോ ഹിഷാം എന്നോട് പറയാതെ ഷാനിക്കയ്ക്ക് അയച്ചു കൊടുത്തു.

 

 

 

   അങ്ങനെയാണ് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‍ലോ എന്ന സിനിമയില്‍ പാടുന്നത്. പക്ഷെ പാട്ട് സിനിമയിലുണ്ടായിരുന്നില്ല. പിന്നീട് ഹിഷാമിന്‍റെ തന്നെ പാട്ട് പാടി. സോള്‍ട്ട് മാംഗോ ട്രീ എന്ന സിനിമയിലായിരുന്നു അത്. പിന്നീട് ഷാനിക്കയ്ക്ക് വേണ്ടി പാടി. ഒരു പടത്തില്‍ ഫുള്‍ പാട്ട് വരുന്നത് ജയചന്ദ്രന്‍ സാറിന്‍റെ സംഗീതത്തില്‍ പുള്ളിക്കാരന്‍ സ്റ്റാറായിലെ കിളിവാതിലിന്‍ ചാരെയായിരുന്നു.. കിളിവാതിലിന്‍ ചാരെയും പെപ്പിന്‍ ചുവട്ടിലെ പ്രണയത്തിലെ പാട്ടുമൊക്കെ ശ്രദ്ധിക്കപ്പെട്ടവയാണ്. അരവിന്ദന്‍റെ അതിഥികളിലെ ആനന്ദമേ എന്ന പാട്ടിനും അവാര്‍ഡ് ലഭിച്ചിരുന്നു.

 

    പക്ഷെ ബ്രേക്ക് എന്നോ കരിയറിലെ നെക്സ്റ്റ് സ്റ്റെപ്പോ എന്നൊക്കെ പറയാവുന്നത് കൂടെയിലെ ആരാരോ എന്ന പാട്ടാണ്. അതും മികച്ചൊരു ടീമായിരുന്നു. അഞ്ജലി മേനോന്‍, പൃഥ്വിരാജ്, പാര്‍വ്വതി, നസ്രിയ എല്ലാവരും പ്രഗത്ഭര്‍. രഘൂ ദീക്ഷിതിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചൂ. അദ്ദേഹം രാജ്യം മൊത്തം അറിയപ്പെടുന്ന സംഗീത സംവിധായകനും പെര്‍ഫോമറുമാണ്. എന്നെ സംബന്ധിച്ച് വളരെ വലിയൊരു കാര്യമാണത്. ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിക്കുന്നതും ആരാരോ എന്ന പാട്ടിനാണ്. പിന്നെയാണ് കുമ്പളങ്ങി നെെറ്റ്സില്‍ ഉയിരില്‍ തൊടും പാടുന്നത്. ആ പാട്ടിനെ കുറിച്ച് കൂടുതലൊന്നും പറയാനില്ല.

 

 

    എല്ലാവരും ഏറ്റെടുത്ത പാട്ടാണ്. കേള്‍ക്കാത്തവര്‍ ചുരുക്കം. അങ്ങനൊരു സിനിമയുടെ ഭാഗമാവുക,അങ്ങനൊരു പാട്ടുപാടാന്‍ സാധിക്കുക എന്നത് ചെറിയ കാര്യമേയല്ല. സിനിമയും പാട്ടുകളുമെല്ലാം ഒരുപോലെ ഹിറ്റായി മാറുകയായിരുന്നു.എന്താണ് വേണ്ടതെന്ന് കൃത്യമായ ധാരണ രണ്ട് പേര്‍ക്കുമുണ്ട്. ജയചന്ദ്രന്‍ സാര്‍ സീനിയറാണ്, അതുകൊണ്ട് തന്നെ എനിക്ക് പേടിയുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പാട്ടിന്‍റെ റെക്കോര്‍ഡിങ് സമയത്ത് ഞാന്‍ ജോലി ചെയ്തിരുന്നു.

 

 

 

 

     ഒരു ബ്രേക്കൊന്നുമില്ലാതെ നേരെ ചെന്നെെയിലേക്ക് പാടാന്‍ ചെല്ലുകയായിരുന്നു. പക്ഷെ തൊണ്ട പണി തന്നു. സാറിനത് മനസിലായി. ചെന്ന അന്ന് പാട്ടിലെ ആദ്യ വരി മാത്രമാണ് പാടിയത്. ബാക്കിയെല്ലാം പിറ്റേന്നാണ് പാടിയത്. സാര്‍ വളരെയധികം ക്ഷമ കാണിച്ചിരുന്നു. അങ്ങനെയല്ലായിരുന്നുവെങ്കില്‍ എനിക്ക് അത്രത്തോളം പാടാന്‍ സാധിക്കില്ലായിരുന്നു. 

మరింత సమాచారం తెలుసుకోండి: