പുതിയൊരു മാറ്റത്തിനൊരുങ്ങുകയാണ് ആലപ്പുഴയിലെ മുഹമ്മ. ഇന്ത്യയിലെ ആദ്യത്തെ ‘കൃത്രിമ പാഡ് ഫ്രീ’ ഗ്രാമപഞ്ചായത്തായി മാറാൻ തയ്യാറെടുക്കുകയാണ് മുഹമ്മ. ഇതിന് മുന്നോടിയായി സ്ത്രീകള്‍ക്ക് ആർത്തവ സമയങ്ങളിൽ ഉപയോഗിക്കുന്നതിനായി തുണികൊണ്ട് നിര്‍മിച്ച പാഡുകളും മെന്‍സ്ട്ര്വല്‍ കപ്പുകളും വിതരണം ചെയ്തു.

 

 

പ്ലാസ്റ്റിക് പോലെത്തന്നെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് പാഡ് മാലിന്യം. ഈ സാഹചര്യത്തിന് മാറ്റം വരുത്താനാണ് പുതിയ ആശയവുമായി മുഹമ്മ പഞ്ചായത്ത് മുന്നോട്ട് വന്നിരിക്കുകയാണ്. ആര്‍ത്തവകാലത്തെ പാഡ് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീകള്‍ക്ക് വീണ്ടും ഉപയോഗിക്കാവുന്ന തുണികളില്‍ നിര്‍മിതമായ പാഡുകളും മെന്‍സ്ട്ര്വല്‍ കപ്പുകളും പഞ്ചായത്തില്‍ നടപ്പാക്കുന്നത്. 

 

 

 

ഇന്ത്യയിൽ  നിലവില്ഓരോ വര്‍ഷവും ഒരു ലക്ഷം ടണ്ണില്‍ പരം സാനിട്ടറി പാഡ് മാലിന്യങ്ങള്‍  സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ സ്ത്രീകളില്‍ 20 ശതമാനം മാത്രമാണ് സാനിട്ടറി പാഡുകള്‍ ഉപയോഗിക്കുന്നത് എന്നിരിക്കെ ഇത്രയധികം മാലിന്യങ്ങള്‍ ഈ വിഭാഗത്തില്‍ പ്രകൃതിയിലേക്ക് എത്തുന്നത് വൻ പാരിസ്ഥിതിക ദോഷങ്ങൾക്ക് വഴിവെക്കും. എന്നുവെച്ചാൽ പാഡ് ഉപയോഗം വർധിക്കുന്നതിനനുസരിച്ച് മാലിന്യത്തിന്റെ അളവും കൂടും. 

 

 

മാസത്തില്‍ ഒരു ലക്ഷത്തിലേറെ പാഡ് മാലിന്യങ്ങളാണ് പഞ്ചായത്തില്‍ നിന്നും സാധാരണഗതിയില്‍ ശേഖരിക്കപ്പെടുന്നത്. അത് വൻ തോതിൽ പരിസരമലിനീകരണത്തിന് കാരണമാവുകയും ചെയ്തിരുന്നു. സാനിറ്ററി നാപ്കിനുകളും ടാമ്പണുകളും ഉള്‍പ്പെടുന്ന സാനിറ്ററി വേസ്റ്റുകളുടെ സംസ്‌കരണം ആര്‍ത്തവത്തിന്റെയും ആര്‍ത്തവശുചിത്വത്തിന്റെയും അതേ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ്. 

 

 

വർധിച്ചുവരുന്ന സാനിറ്ററി മാലിന്യങ്ങളുടെ കൂമ്പാരം പരിസ്ഥിതിയുടെയും സ്ത്രീകളുടെ ശരീര സുരക്ഷയെയും ബാധിക്കുന്നതാണ്. അശാസ്ത്രീയമായ രീതിയില്‍ ഉപയോഗശേഷം സാനിറ്ററി പാഡുകള്‍ കത്തിച്ചു കളയുന്നത് വായു മലിനീകരണത്തിനും കാരണമാവുന്നു. സാനിറ്ററി നാപ്കിനുകളില്‍ നിന്നും കാര്‍ബണ്‍ മോണോസൈഡ്, കാര്‍ബണ്‍ ഡയോക്‌സൈഡ്, പൊടിപടലങ്ങള്‍ എന്നിവ അന്തരീക്ഷത്തിൽ പറക്കുന്നു. 

 

 

ഇങ്ങനെ പരിസ്ഥിതികമായും ശാരീരികമായും ദോഷകരമായ സാഹചര്യത്തിലാണ് പുത്തൻ പദ്ധതിയുമായി മുഹമ്മ പഞ്ചായത്ത് എത്തിയിരിക്കുന്നത്. പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ നാല് തുണികൊണ്ടുള്ള പാഡുകളും ഒരു മെന്‍സ്ട്ര്വല്‍ കപ്പുമാണ് പഞ്ചായത്തിലെ എല്ലാ സ്ത്രീകള്‍ക്കും വിതരണം ചെയ്യുന്നത്. അഞ്ചു വര്‍ഷം വരെ ഈടു നില്‍ക്കുന്നവയാണ് മെന്‍സ്ട്ര്വല്‍ കപ്പുകള്‍ എന്നതിനാൽ ഒരു കപ്പ് 750 നാപ്കിനുകള്‍ക്ക് പകരമായി ഉപയോഗിക്കാം. 

 

 

തുണികൊണ്ടുള്ളപാഡുകള്‍ 3-4 വര്‍ഷം വരെ ഉപയോഗിക്കാം. മറ്റു പാഡുകളെ അപേക്ഷിച്ച് ഇവക്ക് ആരോഗ്യ പ്രശ്‌നങ്ങളും കുറവാണ്.

మరింత సమాచారం తెలుసుకోండి: