ഇന്ത്യയ്ക്ക് പൗരത്വ നിയമ ഭേദഗതിയുടെ ആവശ്യമില്ലെന്നാണ്  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അഭിപ്രായം . കേന്ദ്രം പാസാക്കിയ നിയമം ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒരുപോലെ ബാധിക്കുമെന്നും ഇത് രാജ്യം മുഴുവനും തള്ളിക്കളയണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഡൽഹിയിൽ സംഘടിപ്പിച്ച ടൗൺഹാള്‍ പരിപാടിയിലായിരുന്നു അരവിന്ദ് കെജ്രിവാളിൻ്റെ പ്രതികരണം.

 

   അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മയെപ്പറ്റിയാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും ജനനസര്‍ട്ടിഫിക്കറ്റിനായി ആളുകളെ തെരുവിലിറക്കുന്നതിനെപ്പറ്റിയല്ലെന്നും കെജ്രിവാള്‍ പറഞ്ഞു.
"ഈ ബില്ലിന്‍റെ ലക്ഷ്യമെന്താണെന്ന് ഈ രാജ്യം മുഴുവൻ മനസ്സിലാക്കേണ്ടതുണ്ട്. മാധ്യമങ്ങളഅ‍ ഇതിനെ ഒരു ഹിന്ദു - മുസ്ലീം പ്രശ്നമായാണ് അവതരിപ്പിക്കുന്നത്. എന്നാൽ ഇതൊരു ഹിന്ദു - മുസ്ലീം പ്രശ്നമല്ല. ഈ ബില്ലിലൂടെ ഹിന്ദുക്കളും മുസ്ലീങ്ങളം ഈ രാജ്യത്തിന് പുറത്താകും. എല്ലാവരും ഇതറിയണം.

 

   പാക്കിസ്ഥാനിൽ നിന്നു വരുന്ന ഹിന്ദുക്കളെ സംരക്ഷിക്കുമെന്നു മാത്രമാണ് ബില്ലിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇവിടെ ഇരിക്കുന്ന ഹിന്ദുക്കള്‍ എല്ലാവരം മാതാപിതാക്കളുമായുള്ള ബന്ധം തെളിയിക്കാൻ ആവശ്യമായ രേഖകള്‍ കരുതണം." കെജ്രിവാള്‍ പറഞ്ഞു.പൗരത്വ നിയമ ഭേദഗതിയുടെ ഒരാവശ്യവും രാജ്യത്തില്ലെന്നും എല്ലാവരും ഒരുമിച്ചു നിന്ന് ഈ ബില്ലിനെ എതിര്‍ക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ബിൽ പിൻവലിക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഴ് ടൗൺഹാള്‍ സംവാദങ്ങള്‍ സംഘടിപ്പിക്കാനാണ് കെജ്രിവാള്‍ പദ്ധതിയിടുന്നത്.

 

   ഇന്നു നടന്ന നാലാമത്തെ യോഗത്തിലായിരുന്നു കെജ്രിവാളിന്‍റെ വിശദീകരണം. പൗരത്വ നിയമ ഭേഗദഗതി അപകടകരമെന്ന് അഭിപ്രായപ്പെട്ടിട്ടുള്ള അരവിന്ദ് കെജ്രിവാള്‍ രാജ്യത്തെ സമ്പദ്‍‍വ്യവസ്ഥയും തൊഴിൽരംഗവും പുനരുദ്ധരിക്കുന്നതിനെപ്പറ്റിയാണ് കൂടുതൽ സംസാരിച്ചത്.വിഷയത്തിൽ വാക്കുതര്‍ക്കം നടത്തിയിട്ടു കാര്യമില്ലെന്നു പറഞ്ഞ കെജ്രിവാള്‍ കേന്ദ്രസര്‍ക്കാര്‍ രണ്ട് കോടിയോളം പാക് ഹിന്ദുക്കളെ രാജ്യത്തേയ്ക്ക് കൊണ്ടുവരാനാണ് പദ്ധതിയിടുന്നതെന്ന് ആരോപിച്ചു. "എവിടെയാണ് ഇവര്‍ക്ക് പാര്‍പ്പിടമൊരുക്കുക? എവിടെയാണ് ഇവര്‍ക്കൊക്കെ ജോലി? ആദ്യം സ്വന്തം ജനങ്ങള്‍ക്കു വേണ്ടത് കൊടുക്കണം. എന്നിട്ട് മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കാം." കെജ്രിവാള്‍ പറഞ്ഞു.

 

   ജാമിയ മിലിയ സര്‍വകലാശാലയിൽ പൗരത്വ നിയമ ഭേദഗതിയ്ക്കും എൻആര്‍സിയ്ക്കുമെതിരെ നടന്ന പ്രതിഷേധത്തെപ്പറ്റിയുള്ള ചോദ്യത്തിന് ഡൽഹിയിൽ സമാധാനം കാത്തുസൂക്ഷിക്കാനാണ് തന്‍റെ ഉത്തരവാദിത്തമെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രിയുടെ മറുപടി.ഡൽഹി വികസിപ്പിക്കാനും സമാധാനം ഉറപ്പു വരുത്താനുമാണ് ആളുകള്‍ എനിക്ക് വോട്ട് ചെയ്തത്. പ്രതിഷേധങ്ങള്‍ക്കിടെ ഒരിടത്തും അക്രമം ഉണ്ടാകുന്നില്ലെന്നും പോലീസ് നടപടിയുണ്ടാകുന്നില്ലെന്നും ഉറപ്പാക്കാനായിരുന്നു തന്‍റെ ശ്രമം.

 

   ഇതിനായി ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.അതേസമയം, ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കുന്നവര്‍ക്ക് വോട്ട് കൊടുക്കരുതെന്ന് കെജ്രിവാള്‍ ഇന്ന് മറ്റൊരു വേദിയിൽ പറഞ്ഞു. നല്ല വിദ്യാഭ്യാസം കൊടുക്കുന്നവര്‍ക്കായിരിക്കണം നാം വോട്ട് കൊടുക്കേണ്ടത്.

 

   വിദ്യാഭ്യാസം രാഷ്ട്രീയത്തിന്‍റെ ഭാഗമായിരിക്കണമെന്നും ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയിൽ പ്രശ്നമുണ്ടാക്കുന്നവര്‍ക്കല്ലെന്നും കെജ്രിവാള്‍ ഓര്‍മിപ്പിച്ചു. ഡൽഹിയിലെ സര്‍ക്കാര്‍ സ്കൂളുകളിൽ ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും ഇത് നല്ല രാഷ്ട്രീയമാണെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.

 

మరింత సమాచారం తెలుసుకోండి: