കഴിഞ്ഞദിവസങ്ങളിൽ മഹാരാഷ്ട്രയിൽ നിന്നും പുറത്തുവന്ന വാർത്തകൾ മഹാരാഷ്ട്ര സർക്കാരിൽ സഖ്യകക്ഷികൾ ഭിന്നതയിലാണെന്നും മഹാവികാസ് അഘാഡി സഖ്യം ഉടൻ താഴെ വീഴുമെന്നുമായിരുന്നു . ബിജെപിയും വ്യത്യസ്ത ആശയങ്ങൾ പേറുന്ന ഈ പാർട്ടികൾ തമ്മിൽ യോജിച്ച് പോകില്ലെന്ന വാദവുമായി രംഗത്തെത്തിയതും ശ്രദ്ധ നേടിയിരുന്നു.

 

 

 

   ഇതിനിടെ പൗരത്വ നിയമങ്ങളിലെ സർക്കാർ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന തലവനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ.ഭീമ– കൊറേഗാവ് കേസ് അന്വേഷണം സംസ്ഥാന സർക്കാരിനെ മറികടന്ന് എൻഐഎയ്ക്കു കൈമാറിയതിനെച്ചൊല്ലിയായിരുന്നു ശിവസേനയ്ക്കെതിരെ എൻസിപി രംഗത്തെത്തിയത്.

 

 

 

    കേന്ദ്രസർക്കാർ തീരുമാനത്തിൽ എതിർപ്പില്ലെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കേന്ദ്രത്തെ അറിയിച്ചതിനെതിരെ പരസ്യ വിമർശനമാണ് ശരദ് പവാർ നടത്തിയത്. ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് മുഖ്യമന്ത്രിയെ വിമർശിച്ചതിനു പിന്നാലെ, പവാറും നേരിട്ടു രംഗത്തെത്തിയതോടെ മഹാവികാസ് അഘാഡി സർക്കാരിലെ ഭിന്നത‍ പരസ്യമായെന്നായിരുന്നു റിപ്പോർട്ടുകൾ. സിഎഎയും എൻ‌ആർ‌സിയും വ്യത്യസ്ത പ്രശ്നങ്ങളാണ്. എൻപിആർ മൂന്നാമത്തേതാണ്.

 

 

   സിഎഎയെ ആരും ഭയപ്പെടരുത്. ജനസംഖ്യ രജിസ്റ്റർ (എൻ‌പി‌ആർ)‌ ഒരു സെൻസസാണ്. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലൂടെ ഞാൻ മുന്നോട്ട് പോകും. അതിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് ഞാൻ കരുതുന്നില്ല. സെൻസസ് എല്ലാ പത്തുവർഷത്തിലും നടക്കുന്നതാണ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മാധ്യമങ്ങളോട് പറഞ്ഞു. എൻആർസി ഇതുവരെയും നടപ്പിലാക്കിയിട്ടില്ല, അതുവരികയുമില്ല.

 

 

 

   എൻആർസി നടപ്പാക്കുകയാണെങ്കിൽ അത് മുസ്ലീംങ്ങൾക്ക് മാത്രമല്ല, ഹിന്ദുക്കൾക്കും ദളിതർക്കും ആദിവാസികൾക്കുമെല്ലാം പ്രശ്നങ്ങൾ സൃഷ്ടിക്കും. എൻആർസിയെക്കുറിച്ച് കേന്ദ്രം ഇതുവരെയും ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. ഉദ്ധവ് താക്കറെ പറയുന്നു. പൗരത്വ നിയമ ഭേദഗതിയെ ഭയക്കേണ്ടെന്ന് പറയുന്ന ശിവസേന വിഷയത്തിൽ തങ്ങളുടെ കൃത്യമായ നിലപാട് വ്യക്തമാക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

 

 

   നേരത്തെ പാർലമെന്‍റിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബില്ലിനെ പിന്തുണച്ച ഇവർ പിന്നീട് മഹാരാഷ്ട്രയിലെ സഖ്യകക്ഷികളായ എൻസിപിയുടെയും കോൺഗ്രസിന്‍റെയും ശക്തമായ എതിർപ്പുകളെത്തുടർന്ന് നിലപാട് മാറ്റുകയായിരുന്നു. ബിൽ രാജ്യസഭയിലെത്തിയപ്പോൾ ഇതിനെ എതിർത്ത ശിവസേനക്കാർ വോട്ടെടുപ്പിനിടെ ഇറങ്ങിപ്പോവുകയും ചെയ്തു.

 

 

 

   നിലവിൽ നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന് പറയുന്ന ശിവസേന ഇതിനെ അനുകൂലിക്കുകയല്ലേയെന്ന ചോദ്യം ഉയർന്ന് കഴിഞ്ഞു. സർക്കാരിൽ വിള്ളലുണ്ടാകാതിരിക്കാനാണ് കൃത്യമായ നിലപാട് വ്യക്തമാക്കാത്തതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

 

మరింత సమాచారం తెలుసుకోండి: