ലണ്ടൻ∙ പത്തുമാസം മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി കോടതി. ഏറെ നാള്‍ കാത്തിരുന്ന് ഐവിഎഫിലൂടെ ജനിച്ച കുഞ്ഞിനെയാണ് ശാലിന പത്മനാഭ (33) മാസങ്ങളോളം നീണ്ടുനിന്ന ക്രൂരമർദനത്തിനൊടുവിൽ കൊന്നത്. കുഞ്ഞുങ്ങളുടെ മരണം എപ്പോഴും വളരെ ക്രൂരമാണ്. അത് അവർക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളുടെ കൈകൊണ്ടാകുമ്പോൾ അത് ഭീതിജനകവും – കോടതി നിരീക്ഷിച്ചു.2016 ലാണ് ശാലിനയ്ക്കു കുഞ്ഞു ജനിക്കുന്നത്.

അതും മാസം തികയാതെ. ജന്മനാ തലയിൽ ചെറിയ ദ്വാരമുള്ളതായി കണ്ടെത്തി. തുടർന്ന് ഒട്ടേറെ ഓപ്പറേഷനുകൾ, മാസങ്ങള്‍ നീണ്ട ആശുപത്രി വാസം.. ഇവയ്ക്കുശേഷം കുഞ്ഞുമായി ശാലിന ആശുപത്രി വിട്ടു. എന്നാൽ പത്താം മാസത്തിൽ ഗുരുതര പരുക്കേറ്റ നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത പ്രതലത്തിൽ ഇടിച്ചതിനു സമാനമായി തലയ്ക്കാണ് ഏറ്റവും ഗുരുതരമായ പരുക്കുകളുണ്ടായിരുന്നത്. ചികിൽസയിലിരിക്കെ 2017 ഓഗസ്റ്റ് 15നാണ് കുട്ടി മരിച്ചത്.

ഏറ്റവും ഗുരുതരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നാണ് അവസാനം വരെയും ശാലിന എടുത്തിരുന്ന നിലപാട്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ മാസങ്ങൾ വരെ പഴക്കമുള്ള മുറിവുകൾ കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. തലയോട്ടിക്ക് വിടവ്, വാരിയെല്ലിന് പൊട്ടൽ, കണ്ണിനു പുറകിൽ രക്തം തുടങ്ങിയവ കണ്ടെത്തിയിരുന്നു. കുട്ടിയെ ശക്തമായി കുലുക്കുമ്പോഴും വാരിയെല്ലിന് ഞെരുക്കുമ്പോഴും ഇടതുകാൽ വലിച്ചൊടിക്കുമ്പോഴുമാണ് ഇത്തരം പരുക്കുകൾ ഉണ്ടാകുന്നത്. മൂന്നുമാസം വരെ പഴക്കമുള്ളവയാണ് കുഞ്ഞിന്റെ ശരീരത്തിൽ കണ്ടെത്തിയ മുറിവുകളിൽ അധികവും.

കുഞ്ഞ് അതിന്റെ ജീവിതത്തിന്റെ പകുതിയും ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്ന് അഭിഭാഷകർ വാദിച്ചു. കുട്ടിയുടെ പെട്ടെന്നുള്ള മരണത്തിന്റെ കാരണം തേടിയാണ് പോസ്റ്റുമോർട്ടം ചെയ്യാൻ തീരുമാനിച്ചത്. ഇതേത്തുടർന്നാണ് കുട്ടിയുടെ മരണം തലയ്ക്കേറ്റ ഗുരുതര പരുക്കാണെന്നു കണ്ടെത്തിയതെന്നും അഭിഭാഷകർ പറഞ്ഞു. ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ ജനിച്ച് നാലു മാസത്തോളം കുട്ടി ആശുപത്രിയിൽ തുടരുകയായിരുന്നു. ആശുപത്രി വിട്ടതിനുശേഷം കൃത്യമായ ഡയറ്റും ശ്രദ്ധയും വേണ്ടിയിരുന്നതാണെന്നും വാദത്തിനിടെ ഉയർന്നു വന്നു.



మరింత సమాచారం తెలుసుకోండి: