ന്യൂഡല്‍ഹി∙ കശ്മീർ സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ, പ്രതിപക്ഷ കക്ഷികളുടെ 11 നേതാക്കളെ തിരിച്ചയച്ചു. ശ്രീനഗർ വിമാനത്താവളത്തിലെത്തിയ നേതാക്കളോട് ഡൽഹിയിലേക്കു മടങ്ങിപ്പോകാൻ നിർദേശിക്കുകയായിരുന്നെന്ന് ദേശീയ വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

 

ജനങ്ങൾക്ക് അസൗകര്യമുണ്ടാകുമെന്നതിനാൽ നേതാക്കൾ സന്ദർശനത്തിൽ നിന്നു പിന്മാറണമെന്നു ജമ്മു കശ്മീർ ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപാർട്ട്മെന്റ് നേരത്തേ അറിയിച്ചിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദവും ആക്രമണങ്ങളും തടയാനാണ് സർക്കാർ ഇപ്പോൾ ശ്രദ്ധചെലുത്തുന്നതെന്നും അതുകൊണ്ടുതന്നെ നേതാക്കളുടെ വരവ് അതിനു തടസ്സമാകുമെന്നും അവർ ട്വീറ്റ് ചെയ്തു.

 

രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, ആർജെഡി നേതാവ് മനോജ് ഝാ, തൃണമൂൽ കോൺഗ്രസ് നേതാവ് ദിനേഷ് ത്രിവേദി തുടങ്ങിയ നേതാക്കളാണ് കശ്മീരിലെത്തിയത്. തങ്ങളെല്ലാവരും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കളാണെന്നും നിയമലംഘനം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഗുലാം നബി ആസാദ് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപു മാധ്യമങ്ങളോടു പറഞ്ഞു. ജമ്മു കശ്മീരിലെ സ്ഥിതി ആശങ്കാജനകമാണ്. 20 ദിവസമായി അവിടെ നിന്നു യാതൊരു വാർത്തകളും പുറത്തുവരുന്നില്ല. സ്ഥിതിഗതികൾ സാധാരണമാണെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും നിരവധി രാഷ്ട്രീയ നേതാക്കളാണ് തടവിൽ കിടക്കുന്നത്. എന്തുകൊണ്ടാണ് അവരെ മോചിപ്പിക്കാത്തത്? – ആസാദ് ചോദിച്ചു.

 

പാർട്ടി സമ്മേളനത്തിനെത്തിയ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദിനെ നേരത്തേ രണ്ടു തവണ സുരക്ഷാ ഉദ്യോഗസ്ഥർ ജമ്മു വിമാനത്താവളത്തിൽ ത‍‍ടഞ്ഞിരുന്നു. കേന്ദ്ര നീക്കത്തിനു ശേഷം ഒരു രാഷ്ട്രീയ നേതാവും ജമ്മു കശ്മീർ സന്ദർശിക്കാൻ സർക്കാർ അനുവദിച്ചിട്ടില്ല. പ്രത്യേക പദവി നീക്കുന്ന കേന്ദ്ര നീക്കത്തോട് അനുബന്ധിച്ച് മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, മെഹബുബ മുഫ്തി എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളാണ് ജമ്മു കശ്മീരിൽ അറസ്റ്റിലാകുകയോ വീട്ടുതടങ്കലിൽ ആകുകയോ ചെയ്തിട്ടുള്ളത്.

 

ഒമർ അബ്ദുല്ലയും മെഹബൂബയും വിവിധ ഗസ്റ്റ് ഹൗസുകളിലാണു തടവിലുള്ളത്. മറ്റൊരു മുൻമുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുല്ല വീട്ടുതടങ്കലിലാണ്. കഴിഞ്ഞ 5 മുതൽ രണ്ടായിരത്തിലേറെ നേതാക്കൾ കരുതൽ തടങ്കലിലാണെന്നാണ് അനൗദ്യോഗിക കണക്ക്. ഇവരെ മോചിപ്പിക്കുന്ന കൃത്യമായ തീയതി ഇപ്പോൾ പറയാനാവില്ലെന്ന് അധികൃതർ സൂചിപ്പിച്ചു.

మరింత సమాచారం తెలుసుకోండి: