ശ്രീനഗർ/ ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ വാർത്താവിനിമയ സൗകര്യങ്ങൾക്കു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ന്യായീകരിച്ച് ഗവർണർ സത്യപാൽ മാലിക്ക്. കശ്മീരിൽ അവശ്യവസ്തുക്കളുടെ കുറവ് ഇപ്പോഴില്ല. ജീവൻ നഷ്ടപ്പെടുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് വാർത്താവിനിമയ സൗകര്യങ്ങൾ ഇല്ലാതിരിക്കുന്നതാണെന്നു ഗവർണർ പറഞ്ഞു. മുൻപു കശ്മീരിൽ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളിലും ആദ്യ ആഴ്ചയിൽ തന്നെ കുറഞ്ഞത് 50 പേർ മരിക്കാറുണ്ടായിരുന്നു.

 

എന്നാൽ ഇത്തവണ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചില ഒറ്റപ്പെട്ട അക്രമങ്ങൾ മാത്രമാണ് നടന്നത്. പത്ത് ദിവസത്തേക്കു ടെലിഫോൺ ഇല്ലെങ്കിൽ അതു അങ്ങനെ തന്നെയായിക്കോട്ടെ. മനുഷ്യജീവൻ നഷ്ടപ്പെടാതിരിക്കാനാണ് നമ്മൾ പ്രാമുഖ്യം കൊടുക്കേണ്ടേത്. എങ്കിലും നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള നടപടികൾ സ്വീകരിക്കും. – സത്യപാർ മാലിക്ക് പറഞ്ഞു. ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലിയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ഡൽഹിയിൽ എത്തിയതായിരുന്നു അദ്ദേഹം.

 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കുന്നതിനോട് അനുബന്ധിച്ച് ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരുന്നു. പിന്നീട് ഇളവുകൾ അനുവദിച്ചെങ്കിലും നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. 97 ടെലിഫോൺ എക്സ്ചേഞ്ചുകളിൽ 25 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് സംസ്ഥാന ഭരണകൂടം അറിയിച്ചു. ഈ മാസം 5നുശേഷം കശ്മീർ താഴ്‌വരയിൽ കടകൾ തുറന്നിട്ടില്ല. റോഡുകൾ തുറന്നെങ്കിലും ബസുകൾ ഓടിത്തുടങ്ങിയിട്ടില്ല. ചിലയിടങ്ങളിലും ടാക്‌സി കാറുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയിട്ടുണ്ട്.

 

അതേസമയം, ശ്രീനഗറിലെ സിവിൽ സെക്രട്ടേറിയറ്റ് കെട്ടിടത്തിനു മുകളിൽ ഉയർത്തിയിരുന്ന ജമ്മു കശ്മീർ പതാക നീക്കി പകരം ഇന്ത്യൻ പതാക മാത്രമാക്കി. ഇതുവരെ ഇരുപതാകകളും ഒരുപോലെയാണ് കെട്ടിടത്തിനു മുകളിൽ ഉയർത്തിയിരുന്നത്. ജമ്മു കശ്മീർ സംസ്ഥാനം വിഭജിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വരുന്ന ഒക്ടോബർ 31 വരെ ഇതു തുടരുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഞായറാഴ്ച പതാക നീക്കുകയായിരുന്നു. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന 370ാം വകുപ്പ് പ്രകാരം സംസ്ഥാനത്തിന് പ്രത്യേക പതാക അനുവദിച്ചിരുന്നു. എന്നാൽ ഇനി അതിനു സാധുതയില്ല. 

మరింత సమాచారం తెలుసుకోండి: