പുതുവർഷത്തിലെ ആദ്യ മാസത്തിന്റെ അവസാനമാകുമ്പോഴേക്കും വഞ്ചിയൂർ കുടുംബ കോടതിയിൽ മുഴങ്ങുക രാജ്യം തന്നെ ഉറ്റുനോക്കുന്ന  വാദമുഖങ്ങളാകും.ഈ മാസം 27 നു  പ്രമുഖ ബോളിവുഡ് സിംഗർ അനുരാധ പട്‌വാൾ  വഞ്ചിയൂർ കുടുംബകോടതി മുൻപാകെ വരും.

 

    അനുരാധ പടവാളിന് കുടുംബകോടതിയിൽ ഹാജരാകാൻ കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. മകൾ എന്ന അവകാശവാദവുമായി കോടതി മുൻപാകെ വന്ന കാർമല മകൾ ആണോ അല്ലയോ എന്ന് കുടുംബകോടതിയെ അനുരാധ പടവാളിന് അറിയിക്കേണ്ടി വരും.

 

    മകളെന്ന് തെളിയിക്കുന്നതിന് ഒരു ഡിഎൻഎ പരിശോധനയിലേക്ക് കാർമലയുടെ വാദമുഖം നീളുമോ അതോ കാർമല തന്റെ മകൾ തന്നെ എന്ന് അനുരാധ സമ്മതിക്കുമോ എന്നാണ് ഇന്ത്യൻ സിനിമാലോകം ഇപ്പോൾ ഉറ്റു നോക്കുന്നത്.1969 ൽ അനുരാധ പട്‌വാൾ-അരുൺ പട്വാൾ വിവാഹം നടക്കുകയും 1974-ൽ ഇവർ പ്രശസ്തി നേടുകയും ചെയ്തിരുന്നു.

 

     ആ സമയത്താണ്   മൂത്ത മകൾ ആയി കാർമല ജനിക്കുന്നത്. അനുരാധയുടേത് വളരെ തിരക്കേറിയ ജീവിതമായിരുന്നു. പൊന്നച്ചനും ആഗ്‌നസും അന്ന് മുംബൈയിലാണ്. അനുരാധയുടെ കുടുംബവുമായി നല്ല വ്യക്തി ബന്ധവും ഇവർക്കുണ്ടായിരുന്നു.

 

    അങ്ങനെയാണ് ഒരു മാസം മാത്രം പ്രായമുള്ള  കാർമലയെ ഇവർ പൊന്നച്ചനെയും ആഗ്‌നസിനെയും അനുരാധ ഏൽപ്പിക്കുന്നത്. പൊന്നച്ചനും ആഗ്‌നസീനും മൂന്നു മക്കളാണ്. ഇവരുടെ മകളായാണ് അനുരാധയുടെ മകളെയും ഈ കുടുംബം കണ്ടിരുന്നത്. കാർമല അവരോടൊപ്പം അഞ്ചു വയസുവരെ സന്തോഷത്തോടെ വളർന്നു.  അനുരാധയും ഭർത്താവും ഇടയ്ക്ക് മകളെ കാണാൻ വരുമായിരുന്നു.

 

    ഒരു തവണ പൊന്നച്ചനു ട്രാൻസ്ഫർ ആയി വർക്കലയ്ക്ക് പോവാനിരിക്കുമ്പോൾ കുഞ്ഞിനെ തിരിച്ചെടുക്കാൻ അനുരാധ വന്നു.പക്ഷെ കുഞ്ഞു കരച്ചിലും ബഹളവും ഒക്കെയായി അനുരാധയോടൊപ്പം പോവാൻ തയ്യാറായതുമില്ല. പൊന്നച്ചനും ആഗ്‌നസീനും അന്ന് കാർമലയെ വിട്ടുകൊടുക്കാനും മടിയുണ്ടായിരുന്നു. തുടർന്നാണ് കാർമലയെ 
അനുരാധയും ഭർത്താവും ഇവരെ തന്നെ ഏൽപ്പിക്കുന്നതും എല്ലാ സഹായവും ഞങ്ങൾ ചെയ്യാം എന്ന് പറയുന്നതും. പൊന്നച്ചനും ആഗ്‌ന്‌സും ഈ കാര്യം ഒരിക്കലും കാർമലയോടോ മറ്റു മക്കളോടോ പറഞ്ഞിരുന്നില്ല.

 

   കാർമല ഒറ്റപ്പെടും എന്ന കാരണത്താലാണ് ഇവർ ജനനരഹസ്യം  ആരോടും 
പറയാതിരുന്നത്. കാർമലയുടെ കല്യാണ സമയത്ത് പൊന്നച്ചൻ അനുരാധയെ കണ്ടിരുന്നു. മകളായി ഇനി ഒരിക്കലും കാർമലയുടെ പേര് പറയാൻ പറ്റില്ലെന്നും നിങ്ങൾ തന്നെ നോക്കിക്കോളൂവെന്നും പറഞ്ഞ അനുരാധ പക്ഷെ സാമ്പത്തിക സഹായം എത്ര വേണമെങ്കിലും നൽകാം എന്നും പറഞ്ഞിരുന്നു.എന്നാൽ സാമ്പത്തിക സഹായം ഒന്നും കൈപ്പറ്റാതെ തന്നെ വിവാഹകാര്യം മാത്രം അറിയിച്ച് പൊന്നച്ചൻ അന്ന് മടങ്ങുകയും ചെയ്തു. വിവാഹവും നടന്നു. പക്ഷെ  പൊന്നച്ചൻ അത്രയും കാലം സൂക്ഷിച്ച രഹസ്യം കാർമലയോട് മരണ സമയത്ത് വെളിപ്പെടുത്തി.

 

   പൊന്നച്ചൻ പറഞ്ഞ കാര്യം വിശ്വസിക്കാനോ വേണ്ടയോ എന്ന ചിന്തയിലായിരുന്നു അന്ന് കാർമല.  കാർമല ഭർത്താവിനോടും മക്കളോടും ഒന്നും ഈ കാര്യം പറഞ്ഞതുമില്ല. പക്ഷെ ആരുമറിയാതെ കാർമല രഹസ്യമായി അനുരാധയുമായി ബന്ധപ്പെട്ടു. കാര്യങ്ങൾ മനസിലായപ്പോൾ അനുരാധ കാർമലയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

 

    ഇതോടെ സംശയം തോന്നിയ കാർമല ഭർത്താവിനോട് ഈ കാര്യം തുറന്നുപറഞ്ഞു. 
സംഭവത്തിൽ ഡിഎൻഎ പരിശോധനയുടെ ആവശ്യകത പോലും ഇല്ലെന്നാണ് കാർമല തന്നെ പറഞ്ഞിരിക്കുന്നത്. എല്ലാ കാര്യങ്ങളും തന്റെ അമ്മയായ അനുരാധയ്ക്ക് അറിയാമെന്നും അതുകൊണ്ട് തന്നെ നിയമനടപടികളിലേക്ക് അമ്മയായ അനുരാധ നീങ്ങില്ലെന്നുമാണ് കാർമല ഇപ്പോൾ കരുതുന്നത്.

 

     കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ടും മൂടിവെക്കാൻ അനുരാധയും കുടുംബവും ശ്രമിച്ചതോടെയാണ് തന്റെ അവകാശവാദം അനുരാധയെക്കൊണ്ട് അംഗീകരിപ്പിക്കാനും നഷ്ടപരിഹാരമായി അൻപത് കോടി രൂപ വാങ്ങിച്ചെടുക്കാനും കാർമലയും കുടുംബവും ശ്രമിക്കുന്നത്.

మరింత సమాచారం తెలుసుకోండి: