കാത്തിരിപ്പിന് ശേഷം ഉയരെ കണ്ടു. സിനിമ കണ്ടു തുടങ്ങിയപ്പോൾ ഗോവിന്ദിനെ സിനിമയിൽ കാണിച്ച് തുടങ്ങുന്ന ഭാഗം മുതൽ ഞാൻ പലപ്പോഴായി കണ്ട പല ഗോവിന്ദ്മാരും എന്റെ മുന്നിൽ അവതരിക്കുകയായിരുന്നു.

ഗോവിന്ദ്നെ പോലൊരു വ്യെക്തി എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല, പക്ഷെ എന്റെ ചുറ്റുമുണ്ടായിരുന്ന സൗഹൃദങ്ങളിൽ പലരുടെയും ജീവിതത്തിൽ ഗോവിന്ദ്മാർ ഉണ്ടായിരുന്നു. പല്ലവി ഡാൻസ് കളിക്കുമ്പോൾ അത് അസ്വസ്ഥതയോടെ നോക്കി നിൽക്കുന്ന ഗോവിന്ദിനെ ഞാൻ കണ്ടിട്ടുണ്ട്. ഉടുപ്പ് മുകളിലേക്ക് പിടിച്ചിടാൻ പറയുന്ന ഗോവിന്ദിനെയും കണ്ടിട്ടുണ്ട്..

പഠിക്കുന്ന കാലത്താണ്. ഒരു ഡാൻസ് കോംപെറ്റീഷനുള്ള പ്രാക്ടീസ് നടക്കുകയാണ്. ആൺകുട്ടികളും പെൺകുട്ടികളുമുള്ള ഒരു ഫ്യൂഷൻ ഡാൻസ് ആണ്. അതിൽ Pair dance വരുന്ന ഭാഗത്ത് partnerന്റെ കൈ പിടിച്ച കളിക്കുന്ന ഒരു step ഇട്ടു. പക്ഷെ കൂട്ടത്തിൽ ഒരാൾ ആ step പറ്റില്ല എന്ന് പറഞ്ഞു. ഒരു ചെറിയ step അല്ലെ എന്ന് കൊറിയോഗ്രാഫർ പറഞ്ഞു നോക്കി, ആൾ സമ്മതിക്കുന്നില്ല. ഞങ്ങളും പറഞ്ഞു, നോ രക്ഷ. ഒടുവിൽ കാര്യം ചോദിച്ചപ്പോൾ അവളുടെ മറുപടി "ഡാൻസ് കളിക്കുന്നത് തന്നെ അവനത്ര പിടിച്ചിട്ടില്ല, ഇനിയിപ്പോ കൈയൊക്കെ പിടിച്ച്കൂടി കളിച്ചാൽ അത് മതി"യെന്ന്.. അവൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടാണ് ആ step പറ്റില്ല എന്ന് പറഞ്ഞിരുന്നതെങ്കിൽ അത് മനസ്സിലാക്കാമായിരുന്നു. പക്ഷെ ഇത്.... പിന്നീട് പലപ്പോഴായി പലരിൽ നിന്നും അവന്റെ പോസ്സസീവ്നെസിന്റെ പല കഥകളും കേട്ടിട്ടുണ്ട്, നേരിട്ട് കണ്ടിട്ടുമുണ്ട്..

ഇനിയുമുണ്ട് ഇതുപോലെ ഗോവിന്ദ്മാർ ഉണ്ടായിരുന്ന സുഹൃത്തുക്കൾ. ജീൻസ് ഇടുന്നത് ഇഷ്ട്ടമല്ലാത്തവർ, അഥവാ ഇട്ടാൽ തന്നെ മുട്ടോളം ഇറക്കമുള്ള ടോപ് മാത്രം ഇടാൻ പാടുള്ളു എന്ന് നിർബന്ധമുള്ളവർ, ഫേസ്ബുക്കിൽ സ്വന്തം ഫോട്ടോ പ്രൊഫൈൽ ഫോട്ടോ ആക്കാൻ സമ്മതിക്കാത്തവർ, സ്വന്തം ഫോട്ടോ പ്രൊഫൈൽ ഫോട്ടോ ആക്കിയത് കാരണം ആത്‍മഹത്യ ചെയ്യേണ്ടി വന്ന പെൺകുട്ടികളുടെ കഥ ഷെയർ ചെയ്ത് മാതൃകയാകുന്നവർ, പെൺസുഹൃത്തുക്കളുടെ കൂടെ മാത്രം പുറത്ത് പോകാൻ അനുവദിക്കുന്നവർ, ഇരുട്ടി കഴിഞ്ഞാൽ പുറത്തേക്ക് ഇറങ്ങാൻ പോലും അനുവദിക്കാത്തവർ, അങ്ങനെ എത്രയോ ഗോവിന്ദ്മാർ.

പക്ഷെ അന്നും ഇന്നും എന്നെ അത്ഭുതപെടുത്തുന്നത് ഗോവിന്ദ് ആണ് ശെരിയെന്ന് വിശ്വസിച്ചിരുന്ന പല്ലവിമാരാണ്. "അവൻ തന്നെയാണോ മോളെ? " എന്ന് പല്ലവിയോട് അച്ഛൻ ചോദിക്കുമ്പോൾ അതേ എന്ന് മറുപടി പറയുന്ന പല്ലവിമാർ. "എന്നോട് സ്നേഹമുള്ളതുകൊണ്ടാണ് അവൻ ഇങ്ങനയൊക്കെ പെരുമാറുന്നത് " എന്ന് അവർ പറയുമ്പോൾ ആ സ്നേഹം മനസിലാക്കാൻ എനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല..

പിന്നീട് എങ്ങനെയൊക്കെയോ, എപ്പോഴൊക്കെയോ പല്ലവിയെ പോലെ ചിലർ ഗോവിന്ദ്മാരിൽ നിന്ന് രക്ഷ നേടി. എന്നാൽ ഇപ്പോഴും ആ പഴേ പല്ലവി ആയും ഗോവിന്ദ് ആയും തന്നെ തുടരുന്നവരും ഉണ്ട്.

ഉയരെ ഒരു കണ്ണാടി ആണ്. പല്ലവിമാരുടെ മുന്നിലേക്ക് നീട്ടുന്ന ഒരു കണ്ണാടി. ആരുടെയൊക്കെയോ ഇഷ്ട്ടങ്ങൾ അനുസരിച്ച് ജീവിക്കുന്ന സ്വന്തം ഇഷ്ട്ടങ്ങളെയും ആഗ്രഹങ്ങളെയും മറച്ച് വെച്ച് ജീവിക്കുന്ന ഓരോ പല്ലവിമാരുടെയും നേർക്ക് നീട്ടുന്ന കണ്ണാടി.

"പല്ലവി..., നീ ആ കണ്ണാടിയിലോട്ട് ഒന്ന് നോക്കിക്കേ.. എന്താ നീ കാണുന്നത്?? നീ ആഗ്രഹിക്കുന്ന പല്ലവിയെയാണോ അതോ ഗോവിന്ദ് ആഗ്രഹിക്കുന്ന പല്ലവിയെയാണോ..? 2019 ഒക്കെ ആയില്ലേ, ഇനിയെങ്കിലും നീ ആഗ്രഹിക്കുന്ന നീ ആയിക്കൂടെ നിനക്ക്??"


మరింత సమాచారం తెలుసుకోండి: