അക്രമം വ്യാപിക്കാന്‍ ശ്രമിക്കുന്നവരെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

 

 

 

 

 

ഒരാള്‍ എന്തു വസ്ത്രം ധരിക്കുന്നു, എന്ത് ഭക്ഷണം കഴിക്കുന്നു എന്നുള്ളതെല്ലാം അയാളുടെ മാത്രം കാര്യമാണ്. ധരിക്കുന്ന വസ്ത്രം നോക്കി അവരുടെ രാഷ്ട്രീയം ഗ്രഹിക്കാന്‍ കഴിയുമോയെന്നും മമത ചോദിച്ചു. 

 

 

 

പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു. 

 

 

 

 

'രാജ്യം മുഴുവന്‍ കത്തുമ്പോള്‍ അവര്‍ സംസാരിക്കുന്നത് വസ്ത്രത്തെക്കുറിച്ചാണ്. എല്ലായിടത്തും പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്.

 

 

 

 

അപ്പോള്‍ അതേക്കുറിച്ച് സംസാരിക്കാതെയാണ് വസ്ത്രവുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനം നടത്തുന്നത്. നിങ്ങള്‍ ധരിക്കുന്ന വസ്ത്രം നോക്കി ആരാണ് പ്രതിഷേധക്കാര്‍ എന്ന് തിരിച്ചറിയാമെന്ന്.

 

 

 

ഞാന്‍ ധരിച്ചിരിക്കുന്ന വസ്ത്രം നോക്കി ഞാനാരാണെന്ന് നിങ്ങള്‍ക്ക് പറയാനാകുമോ?' - മമത പറയുന്നു. 

 

 

 

ദേശീയ പൗരത്വ നിയമം നടപ്പാക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ തന്റെ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ ധൈര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്തോളൂവെന്ന് കേന്ദ്ര സര്‍ക്കാരിനെ മമത വെല്ലുവിളിച്ചിരുന്നു.

 

 

 

 

 

'നിങ്ങള്‍ക്ക് എന്റെ സര്‍ക്കാരിനെ പിരിച്ചുവിടണമെങ്കില്‍ അങ്ങനെ ചെയ്യാം. എന്നാല്‍, ദേശീയ പൗരത്വ നിയമമോ പൗരത്വ രജിസ്റ്ററോ പശ്ചിമ ബംഗാളില്‍ നടപ്പാക്കാന്‍ ഒരിക്കലും അനുവദിക്കില്ല. മമത ഒറ്റയ്ക്കാണെന്നാണ് അവര്‍ കരുതുന്നത്. എനിക്കൊപ്പം നിരവധി പേരുണ്ട്.

 

 

നിങ്ങളുടെ ഉദ്ദേശ്യം ശുദ്ധമായിരുന്നുവെങ്കില്‍ ജനം നിങ്ങളെ പിന്തുണയ്ക്കുമായിരുന്നു. മതവുമായി ബന്ധപ്പെട്ട പോരാട്ടമല്ല ഇത്. എന്താണോ ശരി അതിനുവേണ്ടി ഉള്ളതാണ്' - മഹാറാലിയെ അഭിസംബോധന ചെയ്ത് മമത കഴിഞ്ഞ ദിവസം തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. 

మరింత సమాచారం తెలుసుకోండి: