ലോക്ക്‌ഡൗണിനിടെ കൂട്ടിയ ബസ്‌ ചാര്‍ജ്‌ പിന്നീട്‌ കുറച്ചു പഴയപടിയാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു.

 

വര്‍ധിപ്പിച്ച നിരക്ക്‌ തല്‍ക്കാലം തുടരണമെന്ന്‌ ഉത്തരവിട്ട ജസ്‌റ്റിസ്‌ എ. ജയശങ്കരന്‍ നമ്പ്യാര്‍ ബസ്‌ ഉടമകള്‍ക്ക്‌ വര്‍ധിപ്പിച്ച നിരക്ക്‌ ഈടാക്കാമെന്നും വ്യക്‌തമാക്കി.

 

 

സര്‍ക്കാര്‍ നിലവില്‍ പുറപ്പെടുവിച്ച ഉത്തരവ്‌ പുനഃപരിശോധിച്ച്‌ പുതിയ ഉത്തരവ്‌ പുറപ്പെടുവിക്കുന്നതുവരെയാണ്‌ സ്‌റ്റേ. ലോക്ക്‌ഡൗണിനിടെ ബസ്‌ സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോളാണ്‌ സാമൂഹിക അകലം പാലിച്ചുള്ള യാത്രക്ക്‌ 50 ശതമാനം ബസ്‌ ചാര്‍ജ്‌ കൂട്ടിയത്‌. പിന്നീട്‌ ലോക്ക്‌ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരികയും മുഴുവന്‍ സീറ്റിലും യാത്രക്കാര്‍ക്ക്‌ സഞ്ചരിക്കാന്‍ അനുമതി നല്‍കുകയും ചെയ്‌തതോടെ സര്‍ക്കാര്‍ കൂട്ടിയ നിരക്ക്‌ പിന്‍വലിച്ചു ലോക്ക്‌ഡൗണിനു മുന്‍പത്തെ നിരക്കിലാക്കി.

 

 

ഇതിനെതിരേ സ്വകാര്യ ബസുടമ ജോണ്‍സണ്‍ പനയപ്പിള്ളി നല്‍കിയ ഹര്‍ജിയിലാണ്‌ ഹൈക്കോടതി ഇടപെടല്‍. നിരക്ക്‌ വര്‍ധന പിന്‍വലിച്ചതു മൂലം സര്‍വീസ്‌ നഷ്‌ടത്തിലാണെന്ന്‌ ഹര്‍ജിക്കാരന്‍ അഭിപ്രായപ്പെട്ടു. 

 

 

. കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. കോവിഡ്‌ പശ്‌ചാത്തലത്തില്‍ മിനിമം ചാര്‍ജ്‌ എട്ടുരൂപയില്‍നിന്ന്‌ 12 രൂപയും കിലോമീറ്റര്‍ നിരക്ക്‌ 70 പൈസയില്‍നിന്ന്‌ ഒരു രൂപ പത്ത്‌ പൈസയും ആയാണ്‌ സര്‍ക്കാര്‍ ഉയര്‍ത്തിയത്‌.

 

 

ഇപ്പോള്‍ പറഞ്ഞിട്ടുള്ള നിരക്കേ ഈടാക്കൂ; ഇന്നുതന്നെ അപ്പീല്‍ നല്‍കും: ഗതാഗതമന്ത്രി തിരുവനന്തപുരം:

 

ബസ്‌ യാത്രാ നിരക്ക്‌ പഴയപടിയാക്കിയ നടപടി സ്‌റ്റേ ചെയ്‌ത ഹൈക്കോടതി നടപടിക്കെതിരേ ഇന്നു തന്നെ അപ്പീല്‍ നല്‍കുമെന്നും സര്‍ക്കാര്‍ ഇപ്പോള്‍ നിശ്‌ചയിച്ചിട്ടുള്ള നിരക്കേ ബസ്‌ യാത്രക്കാരില്‍നിന്ന്‌ ഈടാക്കുള്ളുവെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍.

 

 

വിധിപ്പകര്‍പ്പ്‌ ലഭിച്ചാലുടന്‍ കോടതിയെ സമീപിക്കാന്‍ അഭിഭാഷകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചാര്‍ജ്‌ വര്‍ധന പരിശോധിക്കാനുള്ള സംവിധാനം ഒരുവശത്ത്‌ പ്രവര്‍ത്തിക്കുകയാണ്‌. അപ്പോഴാണ്‌ അതിനേക്കാള്‍ വലിയ നീതിന്യായ സംവിധാനം അതൊക്കെ റദ്ദാക്കുന്നത്‌.

 

 

ഇതു വലിയ ബുദ്ധിമുട്ടുണ്ടാക്കും. യാത്രക്കാരുടെ വശം കൂടി സര്‍ക്കാരിനു പരിശോധിക്കേണ്ടതുണ്ട്‌. അതു കോടതി പരിശോധിച്ചിട്ടുണ്ടോയെന്നറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

మరింత సమాచారం తెలుసుకోండి: