ഇന്നലെ നടന്ന സംഘർഷത്തിൽ ഒരു വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ സംസ്ഥാന സമിതിയാണ് തീരുമാനമെടുത്തത്. വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികളെ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന സമിതി അറിയിച്ചു. 

നിരന്തരമായി യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്ന തെറ്റായ പ്രവണതകളെ പക്വതയോടെ നേരിടാനോ വിദ്യാര്‍ഥികളുടെ പൊതു സ്വീകാര്യത ഉറപ്പുവരുത്തി പ്രവര്‍ത്തിക്കാനോ കോളേജിലെ യൂണിറ്റ് കമ്മിറ്റിക്ക് സാധിച്ചില്ലെന്ന് സംഘടനയുടെ പരിശോധനയില്‍ ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം വന്നിരിക്കുന്നത്. ഇതോടൊപ്പം വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികളായ എ.എന്‍. നസീം, ശിവരഞ്ജിത്ത്, മുഹമ്മദ് ഇബ്രാഹിം, അദ്വൈത്, അമര്‍, ആരോമല്‍ എന്നിവരെ എസ്എഫ്‌ഐയുടെ  അംഗത്വത്തില്‍ നിന്നും തിരഞ്ഞെടുത്ത എല്ലാ ചുതലകളില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്. 

ക്യാമ്പസില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നതെന്ന് സംസ്ഥാന സമിതി പറയുന്നു. ഇതിന് എതിരായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമെതിരെ നടപടിയുണ്ടാവും എന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു

మరింత సమాచారం తెలుసుకోండి: