സംസ്ഥാനത്ത് തുലാവര്‍ഷം ശക്തി പ്രാപിക്കുന്നു. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തു. മഴയെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

പൊന്മുടി, കല്ലാര്‍ മേഖലകളില്‍ ആറ് മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്തു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പൊന്നന്‍ചുണ്ട്, മണലി പാലങ്ങള്‍ മുങ്ങി, കല്ലാര്‍, വാമനപുരം നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കിള്ളിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് ബാലുശേരിക്ക് സമീപം കൂട്ടാലിടയില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരെ ഒഴിപ്പിച്ചു. മഴ ഇനിയും ശക്തി പ്രാപിക്കാൻ ആണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

మరింత సమాచారం తెలుసుకోండి: